വാടക വീടുകളിലെ താമസത്തിന് അവസാനം; പി.കെ.ഗുരുദാസന് വീടുവെച്ചുനൽകി കൊല്ലത്തെ സി.പി.എം പ്രവർത്തകർ
text_fieldsകിളിമാനൂർ: വാടക വീടുകളിൽനിന്ന് വാടക വീടുകളിലേക്ക് പി.കെ. ഗുരുദാസനെന്ന മുൻ മന്ത്രിയുടെ പ്രയാണത്തിന് പരിസമാപ്തി. കൊല്ലത്തെ ആദ്യ വാടകവീടായ 'പൗർണമി' എന്ന പേര് ജീവിതയാത്രയിൽ ഒപ്പം കൊണ്ടുനടന്ന അദ്ദേഹം ജീവിത സായന്തനത്തിൽ കൊല്ലത്തെ പാർട്ടി പ്രവർത്തകർ വെച്ചുനൽകിയ വീടിനും അതേ പേരിട്ടു.
ദീർഘകാലം കൊല്ലം ജില്ലയിൽ സി. പി.എമ്മിെൻറ കടിഞ്ഞാൺ പിടിച്ച പി.കെ. ഗുരുദാസന് തിരുവനന്തപുരം പുളിമാത്ത് പഞ്ചായത്തിലാണ് സഖാക്കൾ സ്നേഹവീട് നിർമിച്ച് നൽകിയത്. ഗൃഹപ്രവേശന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കം പ്രമുഖർ പങ്കെടുത്തു. എല്ലാവരെയും നിറപുഞ്ചിരിയോടെ പി.കെ എതിരേറ്റു. ആറുദശാബ്ദത്തെ രാഷ്ട്രീയ ജീവിതത്തിൽ ഗുരുദാസൻ വഹിക്കാത്ത സ്ഥാനങ്ങളില്ല. 25 വർഷം സി.പി.എം കൊല്ലം ജില്ല സെക്രട്ടറി, പത്ത് വർഷം എം.എൽ.എ, വി.എസ് മന്ത്രിസഭയിൽ അഞ്ചുവർഷം തൊഴിൽ-എക്‌സൈസ് മന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നിങ്ങനെ വിവിധ പദവികളിലിരുന്ന് നിരവധി പാവങ്ങൾക്ക് വീട് അനുവദിച്ചപ്പോഴും സ്വന്തമായൊരു വീട് അദ്ദേഹം ആലോചിച്ചതേയില്ല. കിളിമാനൂരിന് സമീപം പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റ് പേടികുളത്ത് ഗുരുദാസെൻറ ഭാര്യ ലില്ലിക്ക് ഓഹരിയായി ലഭിച്ച പത്ത് സെൻറ് ഭൂമിയിലാണ് 37 ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചത്.
എവിടെ താമസിച്ചാലും ഗുരുദാസന്റെ വിലാസം 'പൗർണമി, ഈസ്റ്റ് പട്ടത്താനം കൊല്ലം' എന്നായിരുന്നു. മൂത്ത മക്കളായ സീമയുടെയും ദിവയുടെയും വിവാഹവും വാടക വീടുകളിലായിരുന്നു. മന്ത്രിയായപ്പോൾ കവടിയാറിലെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ഇളയ മകൾ രൂപയുടെ വിവാഹം. പിന്നീട് എ.കെ.ജി സെന്‍ററിന് സമീപം പാർട്ടി ഫ്ലാറ്റിലാണ് പി.കെയും ഭാര്യയും താമസിച്ചുവന്നത്. മന്ത്രി ബാലഗോപാൽ, ജില്ല സെക്രട്ടറി കൊല്ലായിൽ സുദേവൻ, മുൻ സെക്രട്ടറി രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തിയായത്. പുസ്തകങ്ങൾ സൂക്ഷിക്കാൻ വിശാലമായൊരു മുറി അടക്കം രണ്ട് മുറിയുള്ള വീടാണ് ഗുരുദാസൻ താൽപര്യപ്പെട്ടത്. ഓഫിസ് അടക്കം മൂന്ന് മുറി, അടുക്കള, ഡൈനിങ് ഹാൾ എന്നിവയായി 1700 ചതുരശ്ര അടിയിൽ ഒറ്റനില വീടാണ് പൗർണമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.