എൻഡോസൾഫാൻ ദുരന്തബാധിതർ അർഹരെ കണ്ടെത്താൻ പുനഃപരിശോധന–മന്ത്രി
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരന്തബാധിതരുടെ പട്ടികയിൽനിന്ന് പുറന്തള്ളപ്പെട്ട 1618 പേരിൽ അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് പുനഃപരിശോധന നടത്തുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. എൻഡോസൾഫാൻ ദുരന്തപരിഹാര സെൽ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികയിൽനിന്ന് വെട്ടിനീക്കപ്പെട്ടവരുടെ നിവേദനം സ്വീകരിക്കാൻ മന്ത്രി തയാറായില്ലെന്ന് ആരോപിച്ച് ദുരന്തബാധിതരുടെ അമ്മമാർ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കി.
യോഗം അവസാനിച്ചശേഷം അദ്ദേഹം നിവേദനങ്ങൾ സ്വീകരിച്ചതോടെയാണ് പ്രതിഷേധക്കാർ അടങ്ങിയത്. 2017ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഡോക്ടർമാരുടെ വിദഗ്ധസമിതി നിർദേശിച്ച 1905ൽ 287 പേരെ മാത്രമേ ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയുള്ളൂ എന്നായിരുന്നു പരാതി. ഒഴിവാക്കപ്പെട്ടവരെ പരിഗണിക്കാൻ പുനഃപരിശോധനക്കുവേണ്ടി ബന്ധപ്പെട്ട പഞ്ചായത്തുകളിൽ സിറ്റിങ് നടത്തുമെന്നും ഇതിൽ ദുരന്തബാധിതരായ കുട്ടികളെ ഹാജരാക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ മാതാപിതാക്കൾക്ക് എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയായി കണക്കാക്കിയ ജില്ലയിലെ 11 പഞ്ചായത്തുകളുമായോ സമീപ പഞ്ചായത്തുകളുമായോ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുകയെന്ന് മന്ത്രി പറഞ്ഞു.
അർഹതപ്പെട്ടവർ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നത് ഒഴിവാക്കും. ഫെബ്രുവരി 15നകം പരിശോധന ആരംഭിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ടുമാസത്തിനുശേഷം ചേരുന്ന സെൽ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കണം. അജാനൂർ, ബെള്ളൂര്‍, ബദിയടുക്ക, എന്മകജെ, കള്ളാർ, കാറഡുക്ക, കയ്യൂര്‍ ചീമേനി, കുമ്പഡാജെ, മുളിയാർ, പനത്തടി, പുല്ലൂര്‍ പെരിയ എന്നീ പഞ്ചായത്തുകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എൻഡോസൾഫാൻ ഇരകളുടെ കാര്യത്തിൽ ദയാപൂർണമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പ്ലാേൻറഷൻ കോർപറേഷനിൽനിന്ന് സാമ്പത്തികസഹായം സ്വീകരിച്ചാണ് ഇതേവരെ സർക്കാർ 57 കോടി ദുരന്തബാധിതർക്ക് അനുവദിച്ചത്. പുതിയ ബജറ്റിൽ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതും മതിയാകുമെന്ന് തോന്നുന്നില്ല. ആനുകൂല്യം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കും. വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ ചർച്ചചെയ്ത് പരിഹാരം കണ്ടെത്തും. നിവേദനങ്ങൾ പരിശോധിച്ച് സർക്കാറിന് ചെയ്യാനാവുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.