ജീവിതംകൊണ്ട് സമരം; വിലങ്ങുകളെ തോൽപിച്ച് വിജയം
text_fieldsതിരുവനന്തപുരം: ‘ട്രെയിനിൽ ഇൗ കുഞ്ഞുങ്ങൾക്കൊപ്പം തിരുവനന്തപുരത്തേക്ക് വരുകയാണ്. പേട്ട എത്തിക്കാണും. ഒരാൾ അടുത്തുവന്നു. എവിടെ നിന്ന് വരുന്നെന്നായി ചോദ്യം...കാസർകോട് നിന്നെന്ന് പറഞ്ഞതോടെ മറ്റൊന്നും ചോദിക്കാതെ അയാൾ ഫോണെടുത്തു. സാറെ അവരിവിടുണ്ട്, സെക്രേട്ടറിയറ്റിലേക്ക് തന്നെ... തുടങ്ങി എന്തൊക്കെയോ പറഞ്ഞു. ഇതുകണ്ട് ഞാൻ കുഞ്ഞുങ്ങളോട് തമാശ പറഞ്ഞു, നോക്കിക്കോ ഇപ്പോ വിലങ്ങ് വീഴും, ജയിലിലുമാകും...’
എൻഡോസൾഫാൻ ഇരകൾക്കൊപ്പമുള്ള സമരത്തിനായുള്ള യാത്രക്കിടെയുണ്ടായ അനുഭവം ഒാർമിച്ച് ദയാബായി പൊട്ടിച്ചിരിച്ചു. അവർക്ക് ചിരിക്കാൻ അവകാശമുണ്ട്. വിലങ്ങ് വെക്കാൻ ഒരുങ്ങിയവരെ ജീവിതസമരംകൊണ്ട് ചെറുത്തുതോൽപിച്ചാണ് അവർ ഇവിടെ നിന്ന് മടങ്ങുന്നത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ സമരത്തിന് അഞ്ചു ദിവസം നിരാഹാരമിരുന്നാണ് ദായാബായി പിന്തുണയേകിയത്. സമരം തുടങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാമെന്ന് ഭാരവാഹികൾ പറഞ്ഞെങ്കിലും വിസമ്മതിച്ച ഇവർ തലസ്ഥാനത്ത് എത്തിയതു മുതൽ നിരാഹാരത്തിലായിരുന്നു.
ഹൃദയം പകുത്തുള്ള ഇൗ സ്നേഹത്തിന് കണ്ണീരിൽ കുതിർന്ന ചുംബനമായിരുന്നു അമ്മമാരുടെ മറുപടി. ആവശ്യങ്ങൾ അംഗീകരിച്ചെന്ന അറിയിപ്പ് വന്നതോടെ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കാനായി തിരക്ക്്. പിന്നെ അമ്മമാർ കെട്ടിപ്പിടിച്ച് കരഞ്ഞു, ‘ഇൗ അമ്മയില്ലായിരുന്നെങ്കിൽ ഞങ്ങൾ എങ്ങുമെത്തില്ലായിരുന്നു’.
ഹൃദയംകൊണ്ട് സമരത്തിന് പിന്തുണയേകിയ തിരുവനന്തപുരത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു ദയാബായി, ‘മഷിപ്പേന ഉപയോഗിക്കുന്നയാളാണ് ഞാൻ. കഴിഞ്ഞ ദിവസം മഷി തീർന്നതിനാൽ അടുത്ത കടയിൽ പോയി. മഷി നൽകിയെങ്കിലും കാശ് വാങ്ങാൻ കടക്കാരൻ തയാറാകുന്നില്ല. നിർബന്ധിച്ചപ്പോൾ കുരുന്നുകൾക്കുവേണ്ടി എഴുതാനല്ലേ, കാശ് വേണ്ട സഹായമായി കണക്കാക്കണം എന്നായിരുന്നു മറുപടി’ -തലസ്ഥാനത്തെ അനുഭവങ്ങളിൽ ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.