മുൻ കലക്ടറുടെ റിപ്പോർട്ടിൽ എൻഡോസൾഫാൻ സെല്ലും സഹായവും നിലച്ചു
text_fieldsകാസർകോട്: മുൻ കലക്ടർ സർക്കാറിനു നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ, എൻഡോസൾഫാൻ സെൽ യോഗം ചേരുന്നതും ചികിത്സയും മറ്റുസഹായങ്ങളും നിലച്ചു. എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ അനർഹർ ഉണ്ടെന്നും പട്ടികയിലെ മുഴുവൻ പേരെയും വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് 2020 ജൂലൈ 24ന് മുൻ കലക്ടർ ഡോ. ഡി. സജിത്ബാബു സാമൂഹിക നീതി വകുപ്പിനു നൽകിയ കത്താണ് എൻഡോസൾഫാൻ പുനരധിവാസ പാക്കേജിനു കത്രികയായത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമീഷെൻറ ശിപാർശ നടപ്പാക്കണമെന്ന് 2017ൽ സുപ്രീംകോടതി വിധിയുണ്ടായി. ഇത് ഭാഗികമായി നടപ്പാക്കിയതിനെതിരെ നാലുപേർ വീണ്ടും കോടതിയെ സമീപിച്ചു. സമീപിച്ച നാലുേപർക്ക് മാത്രം കോടതി വിധിയുണ്ടായി.
കോടതി ഇരകളുടെ തുണക്ക് തുടർച്ചയായി എത്തിയതോടെയാണ് കലക്ടർ, പട്ടികയിൽ അനർഹരുണ്ട് എന്ന വാദവുമായി രംഗത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 74പേജുള്ള റിപ്പോർട്ട് കലക്ടർ സർക്കാറിനു സമർപ്പിച്ചു. കബളിപ്പിച്ച് പണംപറ്റുന്നു, ചികിത്സക്ക് ആശുപത്രികൾക്ക് നേരിട്ടു നൽകുന്ന തുകക്ക് ഓഡിറ്റ് നടക്കുന്നില്ല, പട്ടികക്ക് പുറത്തുള്ളവരെ ചികിത്സിക്കുന്നു, ഇരകളുടേതായി എഴുതിത്തള്ളുന്ന വായ്പകളിൽ പുനരാലോചന വേണം, സ്കോളർഷിപ് നൽകുന്നത് നിയന്ത്രിക്കണം, ഇരകൾ കാറിൽ വന്ന് റേഷനരി വാങ്ങുന്നു, അനർഹരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം, വന്ധ്യതയുണ്ടായിരുന്നവർ പ്രസവിച്ചു എന്നിത്യാദി പരാമർശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് കലക്ടർ സർക്കാറിനു സമർപ്പിച്ചത്. ഇവർക്ക് നൽകിയ തുക തിരിച്ചുപിടിക്കാനും നടപടിവേണമെന്ന് റിപ്പോർട്ടിലുണ്ട്.
ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതോടെ പുതിയ മെഡിക്കൽ ക്യാമ്പ് വേണ്ടെന്നുവെച്ചു. എൻഡോസൾഫാൻ സെൽ യോഗം ചേരുന്നതും പെൻഷൻ നൽകുന്നതും നിർത്തി. ഇപ്പോൾ ചികിത്സയും മുടങ്ങി. ഏറെപേരും ചികിത്സ തേടുന്നത് മംഗളൂരുവിലായിരുന്നു. കോവിഡ് കാരണം യാത്രയും നിലച്ചു.
നാടൻ ചികിത്സയും മറ്റുമായി ന്യൂറോ രോഗികൾ ഉൾപ്പടെയുള്ളവർ കഴിഞ്ഞുകൂടുകയാണ്. 6727പേരാണ് ഇരകളുടെ പട്ടികയിലുള്ളത്. ഇതിൽ 3713പേർക്ക് സുപ്രീം കോടതിയുടെ നിർദേശ പ്രകാരമുള്ള സഹായത്തിെൻറ ഒന്നാം ഗഡു ലഭിച്ചു. മൂന്നുലക്ഷം ലഭിക്കേണ്ടിയിരുന്ന 1330പേർക്ക് രണ്ടുലക്ഷം മാത്രമേ കിട്ടിയുള്ളൂ. ഇതിനപ്പുറമാണ് ഇവരുടെ ചികിത്സ. ഇത് രോഗികളുടെ കുടുംബക്കാരുടെ ഉത്തരവാദിത്തമായി മാറി. ഫലത്തിൽ എൻഡോസൾഫാൻ പുനരധിവാസ പാക്കേജിെൻറ അടിത്തറ തകർക്കുകയായിരുന്നു കലക്ടറുടെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.