എൻഡോസൾഫാൻ: ആനുകൂല്യത്തിനുള്ള മാനദണ്ഡം മാറ്റണമെന്ന് സെൽ
text_fieldsകാസർകോട്: എൻഡോസൾഫാൻ ഇരകളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ വിക്ടിംസ് പുനരധിവാസ സെൽ സർക്കാറിന് റിപ്പോർട്ട് നൽകി.
എൻഡോസൾഫാൻ മൂലമുണ്ടായേക്കാവുന്ന രോഗങ്ങളുടെ പട്ടികയിൽ പെടുന്നുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധന നടത്തി തീരുമാനിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നാണ് സെൽ ആവശ്യപ്പെടുന്നത്. പദ്ധതി ലഘൂകരിക്കാനുള്ള ജില്ല ഭരണകൂടത്തിെൻറ നീക്കത്തിെൻറ ഭാഗമാണിതെന്നും പറയുന്നു.
ജില്ല ഭരണകൂടം പദ്ധതിക്ക് എതിരാണ്. സെല്ലിനുലഭിച്ച ചില പരാതികളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സർക്കാറിനയച്ചിട്ടുണ്ട്. പട്ടികയിൽ ഇരട്ട ആനുകൂല്യം വാങ്ങുന്നവരും അനർഹരും വ്യാപകമായി കടന്നുകൂടിയിട്ടുണ്ട് എന്നാണ് അന്വേഷണ റിപ്പോർട്ട്.
രോഗി മരിച്ചിട്ടും പെൻഷൻ കൈപ്പറ്റുന്നവർ 125പേരും വന്ധ്യത കാരണം ആനുകൂല്യം കൈപ്പറ്റുന്നവരിൽ കുട്ടികളുള്ളവർ 55 പേരുമുണ്ടെന്നും രണ്ട് വിഭാഗങ്ങളിലായി ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നവർ മൂന്നുപേരുണ്ടെന്നും സർക്കാറിനയച്ച റിപ്പോർട്ടിൽ പറയുന്നു.
അഞ്ചു വിഭാഗങ്ങളാണ് ഇപ്പോഴുള്ളത്. 1. കിടപ്പുരോഗികൾ, 2. ബുദ്ധിമാന്ദ്യമുള്ളവർ, 3. ഭിന്നശേഷിക്കാർ, 4. കാൻസർ ബാധിതർ, 5 മറ്റുള്ളവർ. ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമേ ഒരു രോഗി ഉൾപ്പെടുകയുള്ളൂ. അവർ തന്നെ, ജില്ലയിൽ എൻഡോസൾഫാൻ തളിച്ച 11 പഞ്ചായത്തിൽപെട്ടവരായിരിക്കണം.
ഇൗ പഞ്ചായത്തുകളുടെ പരിധിയിൽ ബന്ധുക്കളുടെ വിലാസം ഉപയോഗിച്ച് ആനുകൂല്യം കൈപ്പറ്റുന്ന മുംബൈ, കണ്ണൂർ സ്വദേശികളും പട്ടികയിലുള്ളതായും റിപ്പോർട്ടിലുണ്ട്. എൻഡോസൾഫാൻ ലിസ്റ്റിലെ ഒ.പി നമ്പർ 22565ഉം 4910ഉം ഒരാൾ തന്നെയാണ്. ആദ്യ നമ്പർ ബുദ്ധിമാന്ദ്യം (എം.ആർ) സംഭവിച്ചവരുടെ പട്ടികയിലും രണ്ടാംനമ്പർ മറ്റുള്ളവർ എന്ന പട്ടികയിലുമാണുള്ളത്.
എം.ആറിന് അഞ്ചുലക്ഷവും മറ്റുള്ളവർ എന്ന പട്ടികയിൽപെട്ടാൽ പെൻഷൻ, ചികിത്സ, സൗജന്യ റേഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഒ.പി നമ്പർ 8243ഉം 2317ഉം ഒരാളുടെ തന്നെയാണ്.
ഇതിൽ ആദ്യത്തേതിൽ കിടപ്പുരോഗിയും(അഞ്ചുലക്ഷം) രണ്ടാമത്തെ നമ്പറിൽ മറ്റുള്ള വിഭാഗത്തിലുമാണുള്ളത്. 1396, 8067 നമ്പറാണ് വേറൊന്ന്. എം.ആറിലും മറ്റുള്ളവരിലുമാണ് ഉൾപ്പെടുന്നത്- സർക്കാറിനയച്ച റിപ്പോർട്ടിൽ പറയുന്നു.
ഇവയെ ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച വീഴ്ചകളായി കാണാതെ ഇരകളെ കുറ്റവാളികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്ന വിമർശനം ഉയർന്നിട്ടുണ്ട്. മരിച്ചവരുടെ പേരിൽ വരുന്ന പെൻഷൻ, അവകാശമായി വീട്ടുകാർ കരുതുന്നതാണ് ഏറെയും.
അവരെ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനുപകരം, ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശ പ്രകാരം നൽകിവരുന്ന പദ്ധതിയെ ഇല്ലാതാക്കുന്നതിന് ജില്ല ഭരണകൂടം നടത്തുന്ന ആസൂത്രിത പദ്ധതിയായും വിലയിരുത്തപ്പെടുന്നുണ്ട്. അടുത്ത ക്യാമ്പ് അനർഹരെ ഒഴിവാക്കാൻ വേണ്ടി നടത്താനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്. അതിനു മുന്നോടിയാണ് സർക്കാറിനയച്ച റിപ്പോർട്ട് എന്നുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.