എൻഡോസൾഫാൻ: കോടതിവിമർശനത്തിനു കാരണം മുൻ കലക്ടറുടെ നിലപാട്
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഒരുക്കിയ വീടുകളുടെ കാര്യത്തിൽ നടപടിയെടുക്കാത്തതിന് ഹൈകോടതി വിമർശനത്തിന് വഴിയൊരുക്കിയത് മുൻ കലക്ടറുടെ നിലപാട്. കാസർകോട്ടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം എൻഡോസൾഫാനല്ലെന്ന മുൻ കലക്ടർ ഡോ. സജിത് ബാബുവിന്റെ വ്യക്തിപരമായ നിലപാട് ദുരിതബാധിതരെ ആകെ ബാധിക്കുകയായിരുന്നു.
സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ അദ്ദേഹം സാമൂഹികക്ഷേമ വകുപ്പിന് കത്തും എഴുതി. സത്യസായി ട്രസ്റ്റ് 2018ലാണ് പരപ്പ, പെരിയ, എൻമകജെ എന്നിവിടങ്ങളിൽ വീടുകൾ ഒരുക്കിയത്. സ്ഥലം നൽകിയത് റവന്യൂ വകുപ്പും. പത്ത് സെന്റിൽ നാലു ലക്ഷം രൂപയുടെ വീടുകളാണിവ. ഇതിൽ പെരിയ കാട്ടുമാടത്ത് 45 വീടുകളുടെ താക്കോൽ കൈമാറിയത് 2018ൽ മുഖ്യമന്ത്രി പിണറായി വിജയനാണ്.
അത് പൂർത്തീകരിക്കാനുള്ള നടപടികൾ അതിവേഗം പൂർത്തീകരിച്ചത് ജീവൻ ബാബു കെ ജില്ല കലക്ടറായിരിക്കെയാണ്. എൻമകജെയിലെ 36 വീടുകൾ പൂർത്തിയാകും മുമ്പ് ജീവൻ ബാബു മാറി സജിത് ബാബു കലക്ടറായി വന്നു. അദ്ദേഹം കീടനാശിനി കമ്പനിക്ക് അനുകൂല നിലപാടെടുത്തു.
എൻമകജെയിൽ പൂർത്തിയായ 36 വീടുകൾ കൈമാറണമെന്ന് സത്യസായി ട്രസ്റ്റ് ആവശ്യപ്പെട്ടപ്പോൾ റോഡ്, കുടിവെള്ളം പ്രശ്നങ്ങൾ പറഞ്ഞ് മാറ്റിവെച്ചു. ഈ പ്രശ്നം പരിഹരിക്കാൻ തയാറായതുമില്ല. വീടുകൾ നശിക്കാൻ തുടങ്ങുന്നുവെന്ന് വന്നതോടെ ട്രസ്റ്റ് ചെയർമാൻ അനന്തകുമാർ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി നോട്ടീസ് അയച്ചപ്പോൾ കലക്ടർ നൽകിയ മറുപടി അപേക്ഷകരില്ല എന്നായിരുന്നു.
ഇതിനകം നൂറുകണക്കിന് അപേക്ഷകൾ എൻഡോസൾഫാൻ പ്രശ്നപരിഹാര സെല്ലിൽ കെട്ടിക്കിടക്കുകയായിരുന്നു. അപേക്ഷ നൽകിയവരിൽനിന്നും 30ലേറെ അപേക്ഷകൾ കേസിൽ കക്ഷി ചേർന്ന എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കോടതിക്ക് നൽകി.
ഇതോടെ മുൻ കലക്ടറുടെ നിലപാട് പൊളിഞ്ഞു. ഇപ്പോൾ കോടതിവിമർശനം മുൻ കലക്ടർ സജിത് ബാബുവിന്റെ നടപടികൾക്ക് എതിരെയാണ്. ഇപ്പോഴത്തെ കലക്ടർ ഇംപശേഖരൻ ചുമതലയേൽക്കുമ്പോഴേക്കും വീടുകളുടെ വാതിൽ തകർന്നു കഴിഞ്ഞിരിക്കുകയാണ്.
അറ്റകുറ്റപ്പണി നടത്താതെ കൈമാറാനും കഴിയാത്ത സ്ഥിതി. കലക്ടർ വ്യക്തിപരമായ നിലപാട് ഒൗദ്യോഗിക നിലപാടാക്കി മാറ്റിയപ്പോഴുണ്ടായ പ്രശ്നമാണ് ഹൈകോടതി വിമർശനത്തിന് കാരണം. പഴി പുതിയ കലക്ടർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.