എൻഡോസൾഫാൻ: മൂന്നുലക്ഷം വരെ കടം എഴുതിത്തള്ളും
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ 50000 മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതിന് 7.63 കോടി രൂപ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
50000 രൂപ വരെയുള്ള കടങ്ങൾ നേരത്തേ എഴുതിത്തള്ളിയിരുന്നു. പുതുതായി എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ വന്നവരടക്കം അർഹരായ മുഴുവൻ പേർക്കും ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശ പ്രകാരമുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീർക്കും. ഇതിനുവേണ്ടി 30 കോടി സർക്കാർ ലഭ്യമാക്കും.
● പൂർണമായി കിടപ്പിലായവർക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും അഞ്ച് ലക്ഷം രൂപ വീതവും മറ്റ് വൈകല്യങ്ങളുള്ളവർക്ക് മൂന്ന് ലക്ഷം രൂപ വീതവും നൽകും. ദുരിതബാധിതരായ അർബുദരോഗികൾക്ക് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. ലിസ്റ്റിൽ ഉൾപ്പെടാത്ത ദുരിതബാധിതരുണ്ടെങ്കിൽ മാനദണ്ഡങ്ങൾ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കും. അഞ്ചുഘട്ട പരിശോധനയിലൂടെയാണ് ധനസഹായത്തിന് അർഹരായവരെ നിർണയിക്കുന്നത്.
● മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതരെയും ബി.പി.എൽ വിഭാഗത്തിൽപെടുത്തി റേഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് നടപടിയെടുക്കും. ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയപ്പോൾ പല കുടുംബങ്ങളും ബി.പി.എൽ പട്ടികയിൽനിന്ന് പുറത്തുപോയി, എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക പരിഗണനയില്ല തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര ശ്രദ്ധയിൽപെടുത്തും.
● മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളിൽ ബഡ്സ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. മൂന്നു പഞ്ചായത്തുകളിൽ നിർമാണം ആരംഭിച്ചു. ബഡ്സ് സ്കൂളുകളുടെ ചുമതല സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബഡ്സ് സ്കൂളുടെ പ്രവർത്തനത്തിന് സന്നദ്ധസംഘടനകളുടെ സഹായം സ്വീകരിക്കും.
● പ്ലാേൻറഷൻ കോർപറേഷെൻറ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിൻതോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കി നശിപ്പിക്കുന്നതിന് സർക്കാർ പണം അനുവദിക്കും.
● ദുരിതബാധിതർക്കുവേണ്ടി പുനരധിവസ വില്ലേജ് സ്ഥാപിക്കുന്നതിന് ഉടൻ ഭരണാനുമതി നൽകും.
● സഹായപദ്ധതികളും പുനരധിവാസവും അവലോകനം ചെയ്യുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ഷൈലജ, ചീഫ് സെക്രട്ടറി പോൾ ആൻറണി, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരൻ, കാസർകോട് കലക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.