എൻഡോസൾഫാൻ: തെങ്കരയിൽ 45 രോഗബാധിതർ
text_fieldsപാലക്കാട്: എൻഡോസൾഫാൻ വ്യാപകമായി തളിച്ചതിനെത്തുടർന്ന് മണ്ണാർക്കാടിന് സമീപത്തെ ചിറപ്പാടം, തെങ്കര, തത്തേങ്ങലം മേഖലകളിൽ 45 പേർക്ക് ജനിതകരോഗങ്ങളും മറ്റ് ഗുരുതര രോഗങ്ങളുമുള്ളതായി ആരോഗ്യവകുപ്പിന്‍റെ സ്ക്രീനിങ് റിപ്പോർട്ട്. 2015ൽ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഏഴ് വർഷത്തോളം ആരോഗ്യവകുപ്പ് പുറത്തുവിടാതിരുന്ന ഈ റിപ്പോർട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍റെ ഇടപെടലിനെത്തുടർന്നാണ് വെളിച്ചം കണ്ടത്.
രോഗബാധിതരായവരിൽ ചിലർ അകാലത്തിൽ മരിച്ചു. മറ്റുള്ളവർ സർക്കാർ സഹായമൊന്നുമില്ലാതെ കഷ്ടപ്പെടുകയാണ്. സാമ്പത്തികമായി വളരെ പിന്നാക്കമായ കുടുംബങ്ങളിലുള്ളവരാണ് ദുരിതബാധിതർ. കേരള പ്ലാന്‍റേഷൻ കോർപറേഷന്‍റെ (പി.സി.കെ) കശുമാവിൻ തോട്ടങ്ങളിൽ 15 വർഷത്തോളം എൻഡോസൾഫാൻ തളിച്ചിരുന്നു. സുരക്ഷ സംവിധാനമൊന്നുമില്ലാതെ, ഹെലികോപ്ടർ ഉപയോഗിച്ചായിരുന്നു മരുന്നുതളി. കുട്ടികളിലും കൗമാരക്കാരിലുമാണ് ഗുരുതര രോഗങ്ങൾ കണ്ടെത്തിയത്. ഒമ്പത് പേർക്ക് സെറിബ്രൽ പാൾസി കണ്ടെത്തി. 50 മുതൽ 90 ശതമാനംവരെയാണ് ഇവർക്ക് രോഗതീവ്രത. മനോവൈകല്യമുള്ളവരും കാഴ്ചക്കുറവുള്ളവരും പട്ടികയിലുണ്ട്. കൈകാലുകൾ വളയൽ, വളർച്ചവൈകല്യം, ശ്വാസതടസ്സം, ജനിതകരോഗങ്ങൾ എന്നിവയുമായി വേറെയും കുട്ടികളുണ്ട്. ആരോഗ്യപ്രശ്നങ്ങൾ എൻഡോസൾഫാന്‍റെ പാർശ്വഫലങ്ങളാണോയെന്ന് ഉറപ്പിക്കണമെങ്കിൽ വിശദപഠനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളോളം മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട് പൂഴ്ത്തിവെച്ച ആരോഗ്യവകുപ്പ്, രോഗബാധിതർക്ക് തുടർചികിത്സ നൽകാൻ ഒന്നും ചെയ്തിരുന്നില്ല. പൊതുപ്രവർത്തകനും കേരളശ്ശേരി പഞ്ചായത്ത് അംഗവുമായ പി. രാജീവ് നൽകിയ പരാതിയെത്തുടർന്ന് മനുഷ്യാവകാശ കമീഷൻ പാലക്കാട് കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.
ഇതിനിടെ, പ്ലാന്‍റേഷൻ കോർപറേഷന്‍റെ ക്വാർട്ടേഴ്സിലെ എൻഡോസൾഫാൻ ശേഖരം നീക്കംചെയ്യണമെന്നും ദുരിതബാധിതരുടെ ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പി. രാജീവ് നൽകിയ പരാതി മനുഷ്യാവകാശ കമീഷൻ വീണ്ടും പരിഗണിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.