എൻഡോസൾഫാൻ; സമരത്തിന് കാരണം പട്ടികയിലെ അട്ടിമറി
text_fieldsതിരുവനന്തപുരം: സർക്കാർ തുടരുന്ന അവഗണനയാണ് എൻഡോസൾഫാൻ ഇരകളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലെത്തിച്ചത്. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ഏപ്രിൽ അഞ്ചു മുതൽ ഒമ്പതു വരെ കാസർകോട് ജില്ലയിലെ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി എന്നീ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടന്നിരുന്നു.
2016 ജനുവരിയിൽ വി.എസ്. അച്യുതാനന്ദൻ ചെയർമാനായിരുന്ന സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ അമ്മമാർ നടത്തിയ സമരത്തെ തുടർന്നായിരുന്നു ഇത്. 1905 പേരുടെ പട്ടികയാണ് അന്ന് തയാറാക്കിയത്. പിന്നീടത് 287 ആയി പട്ടിക ചുരുക്കുകയായിരുന്നു. വർഷം പിന്നിടുന്തോറും ഇരകളുടെ എണ്ണം കുറക്കണമെന്ന നിലപാടാണ് ഇത്തരമൊരു വെട്ടിക്കുറക്കലിന് കാരണമെന്നാണ് സമരസമിതിയുടെ വിലയിരുത്തൽ. 2010ൽ 4182 ഉം 2011ൽ 1318 ഉം 2013ൽ 348ഉം ദുരിതബാധിതരെയാണ് കണ്ടെത്തിയിരുന്നത്.
ഈ കണക്ക് പ്രകാരം 2017ലെ ക്യാമ്പിൽ ഇരകൾ 300ൽ താഴെയാക്കലായിരുന്നു അജണ്ടയെന്നാണ് വിമർശനം. ഇത് തിരിച്ചറിഞ്ഞ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിനുമുന്നിലടക്കം നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 76 പേരെ കൂടി പട്ടികയിൽ ചേർത്തു. അപ്പോഴും ഭൂരിപക്ഷം കുട്ടികളും പട്ടികക്ക് പുറത്തുതന്നെയായിരുന്നു. 2019 ജനുവരി 30 മുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ വീണ്ടും അമ്മമാർ അനിശ്ചിതകാല പട്ടിണി സമരം നടത്തിയതോടെ സർക്കാർ അയഞ്ഞു.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ വീണ്ടുമൊരു പരിശോധന നടത്താതെ പട്ടികയിൽ പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കൽ റെക്കോഡ് പരിശോധിച്ച് അർഹതപ്പെട്ടവരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനമായി അങ്ങനെ 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കുട്ടികളുടെ പട്ടികയിൽ ചേർത്തു. എന്നാൽ, അപ്പോഴും 1031 പേരുടെ കാര്യത്തിൽ ഒരു തീരുമാനവുമുണ്ടായില്ല. ആദ്യ സമയത്ത് ഇവരിൽ ചിലർക്ക് സൗജന്യ ചികിത്സ നൽകിയിരുന്നെങ്കിലും പിന്നീടതും നിലച്ചു. ഈ സാഹചര്യത്തിലാണ് പുറത്താക്കപ്പെട്ട 1031പേരെ പട്ടികയിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.