എൻഡോസൾഫാൻ ചികിത്സ സൗകര്യം; അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് നൽകി 21ന് പരിഗണിക്കും
text_fieldsകാസർകോട്: എൻഡോസൾഫാൻ ഇരകൾക്ക് കാസർകോട് ജില്ലയിൽ ലഭ്യമായ ചികിത്സ സൗകര്യങ്ങളെക്കുറിച്ച് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിച്ചു. പ്രൈമറി ആരോഗ്യകേന്ദ്രം മുതൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വരെയുള്ള ചികിത്സ സൗകര്യമാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് ഒക്ടോബർ 21ന് പരിഗണിക്കും. എൻഡോസൾഫാൻ ഇരകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ആഗസ്റ്റ് 18നാണ് കാസർകോട്ടെ ചികിത്സ സൗകര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയെ ചുമതലപ്പെടുത്തിയത്. ആറാഴ്ചക്കകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപന്ന എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
നിലവിൽ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങളും സാന്ത്വന പരിചരണ-ഫിസിയോതെറപ്പി സൗകര്യവുമാണ് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ബി. കരുണാകരന്റെ നേതൃത്വത്തിൽ അന്വേഷിച്ചത്. പണിതീരാത്ത മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, ജനറൽ ആശുപത്രി, നാല് താലൂക്ക് ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹം നേരിട്ടെത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. വിവിധ സംഘടനകളുടെ മൊഴിയുമെടുത്തിട്ടുണ്ട്.
കാസർകോട്ടെ ചികിത്സ സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം മുഖവിലക്കെടുക്കാതെയാണ് സുപ്രീംകോടതി അന്വേഷണ സമിതിയുണ്ടാക്കിയത്. എൻഡോസൾഫാൻ ഇരകളായ എല്ലാവർക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ സത്യവാങ്മൂലത്തിലാണ് ചികിത്സ സൗകര്യങ്ങൾ കൂടി ചീഫ് സെക്രട്ടറി പറഞ്ഞത്. എന്നാൽ, സാഹചര്യ റിപ്പോർട്ട് ഹരജിക്കാരായ കോൺഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ വിക്ടിംസ് റൈറ്റ്സ് കലക്ടിവ്സ് സമർപ്പിച്ചതോടെയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.