ഈ മക്കളെ ഞങ്ങള്‍ എന്തു ചെയ്യണം...?
text_fieldsകാസര്‍കോട്: ‘‘ഞങ്ങക്ക് രണ്ടാള്‍ക്കും വയസ്സായി. കുഞ്ഞ്യോളെ അച്ഛന് ഇപ്പോ തീരെ സുഖയില്ല. ഈ മക്കളെ എത്രകാലം ഇങ്ങനെ നോക്കാന്‍ പറ്റുമെന്ന് അറിയില്ല, എന്തു ചെയ്യണമെന്നും നിശ്ചയമില്ല. ഞങ്ങളൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്. ഞങ്ങള് രണ്ടാളില് ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചെങ്കില് അന്ന് ഈ മക്കളെയും കൂട്ടി നാലാളും ഒരുമിച്ച് ഇല്ലാതാകും....’’
മിണ്ടാപ്രാണികളെപ്പോലെയുള്ള മക്കളെയും രോഗിയായ ഭര്‍ത്താവിനെയും മുന്നില്‍നിര്‍ത്തി ബെള്ളൂര്‍ പഞ്ചായത്തില്‍ കക്കബെട്ടുവിലെ സുമിത്ര പറയുന്നു. സങ്കടമല്ല, നിസ്സഹായതയില്‍നിന്നുണ്ടായ ദൃഢനിശ്ചയത്തിന്‍െറ മുഴക്കമാണ് ആ വാക്കുകളില്‍ കേട്ടത്. സുമിത്ര-ഗണേശ റാവു ദമ്പതികളുടെ മക്കളായ സൗമ്യയുടെയും അരുണ്‍ കുമാറിന്‍െറയും കൈകാലുകള്‍ വളരുന്നത് സാധാരണ മനുഷ്യരുടേതുപോലെയല്ല. തറയിലൂടെ ഇഴയാനല്ലാതെ നില്‍ക്കാനോ നടക്കാനോ കഴിയില്ല. ചുമരിന്‍െറ താങ്ങില്ലാതെ ഇരിക്കാനാവില്ല. വശങ്ങളിലേക്ക് വികൃതമായി വളഞ്ഞ കാല്‍പാദങ്ങള്‍ നിലത്ത് ഊന്നാനാവില്ല.
സൗമ്യക്ക് 20 വയസ്സായി. അരുണിന് പതിനെട്ടും. ഇരുവരും പ്രായത്തിനൊത്ത് വളര്‍ന്നിട്ടില്ല. പല്ലുതേക്കാന്‍ പോലും അമ്മയോ അച്ഛനോ സഹായിക്കണം. സംസാരിക്കാനാവില്ല. കേള്‍വിശക്തിയുമില്ല. വാക്കുകള്‍ക്കു പകരം ചില അപശബ്ദങ്ങള്‍ മാത്രം. കഴിഞ്ഞ 20 വര്‍ഷമായി ഈ മക്കളെ വിട്ട് ഈ അച്ഛനും അമ്മയും ദൂരെയെങ്ങും പോയിട്ടില്ല. അടുത്ത ബന്ധുക്കളുടെ കല്യാണത്തിനോ മരണാനന്തര ചടങ്ങിനോ ദമ്പതികള്‍ക്ക് ഒരുമിച്ച് പങ്കെടുക്കാന്‍ കഴിയാറില്ല. ഒരാള്‍ വീടിനു പുറത്തു പോകുമ്പോള്‍ മറ്റേയാള്‍ മക്കള്‍ക്ക് കാവലായി നില്‍ക്കണം.
കാല്‍നൂറ്റാണ്ടുകാലം വര്‍ഷത്തില്‍ മൂന്നുതവണ വീതം എന്‍ഡോസള്‍ഫാന്‍ കീടനാശിനി വര്‍ഷിച്ച പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ കശുമാവ് തോട്ടത്തിന് മധ്യത്തിലെ കുന്നിന്‍ ചെരിവിലാണ് ഈ കുടുംബത്തിന്‍െറ വീട്. രണ്ട് മക്കളും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയിലുണ്ട്. ധനസഹായവും ലഭിക്കുന്നുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിടുന്തോറും ഇവരുടെ കൈകാലുകള്‍ കൂടുതല്‍ ശോഷിക്കുകയാണ്. ആശുപത്രികളില്‍ വന്‍തുക ചെലവഴിച്ചതല്ലാതെ ചികിത്സകളൊന്നും ഫലം കണ്ടില്ല.
ബെള്ളൂര്‍, എന്‍മകജെ, സ്വര്‍ഗ, കാറഡുക്ക, ചീമേനി, രാജപുരം ... മനുഷ്യത്വമില്ലാത്ത ശാസ്ത്രബോധവും ലാഭക്കൊതിയും വിഷമഴയായി പെയ്തതിന്‍െറ കെടുതികള്‍ വിട്ടൊഴിയാത്ത ഈ ഗ്രാമങ്ങളില്‍ ഇത്തരം നിരവധി ജീവിതങ്ങളെ ഇനിയും കണ്ടുമുട്ടാനാകും. മനുഷ്യരെപ്പോലെ നടക്കാനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ശേഷിയില്ലാത്ത അസാധാരണ ജന്മങ്ങള്‍. മാതാപിതാക്കളുടെ അഭാവമുണ്ടായാല്‍ ഈ ജീവിതങ്ങളെ പരിചരിക്കാനും സംരക്ഷിക്കാനും ആരുണ്ടാകുമെന്ന ആശങ്കക്ക് ഇനിയും ഉത്തരമായിട്ടില്ല.
ഇവരെ പരിപാലിക്കാനും പുനരധിവസിപ്പിക്കാനും ലക്ഷ്യമിട്ട് എന്‍ഡോസള്‍ഫാന്‍ പാക്കേജിന്‍െറ ഭാഗമായി വിഭാവനം ചെയ്ത പുനരധിവാസ ഗ്രാമം ഇനിയും യാഥാര്‍ഥ്യമായില്ല. പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം മറന്ന് പുനരധിവാസ കേന്ദ്രത്തെ കേവലം ദുരിത ബാധിതരുടെ പകല്‍ വിശ്രമ കേന്ദ്രം മാത്രമാക്കി മാറ്റാനുള്ള നീക്കമാണ് അധികാര കേന്ദ്രങ്ങളില്‍ നടക്കുന്നത്. മുഴുവന്‍ സമയ പരിചരണവും സംരക്ഷണവും പ്രായോഗികമല്ളെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അത്തരമൊരു പദ്ധതികൊണ്ട് ആര്‍ക്ക് പ്രയോജനമെന്നാണ് ഈ രക്ഷിതാക്കളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.