എൻഡോസൾഫാൻ ഇരകളും അമ്മമാരും പട്ടിണി സമരത്തിൽ
text_fieldsതിരുവനന്തപുരം: ദുരന്തത്തിെൻറ മരണമുദ്രകളുമായി ജീവിച്ചിരിക്കുന്നവർ സഹനം വെടിഞ്ഞ് ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പോരാട്ടത്തിനെത്തി. പതിറ്റാണ്ടുകളോളം ചികിത്സ നിഷേധിക്കപ്പെട്ട എൻഡോസൾഫാൻ ഇരകളോട് ഭരണകൂടം നടത്തുന്ന ക്രൂരതക്കെതിരായാണ് അമ്മമാർ സെക്രേട്ടറിയറ്റിന് മുന്നിൽ പട്ടിണി സമരം തുടങ്ങിയത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുഞ്ഞുങ്ങളെയും അമ്മമാരെയും അണിനിരത്തി നടത്തുന്ന സമരത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായി അനിശ്ചിതകാല നിരാഹാരം തുടങ്ങുകയും ചെയ്തു.
ദുരന്തത്തിനിരയായി ജീവിക്കുന്നവരുടെയും അവർക്ക് കൂട്ടിരിക്കുന്ന അമ്മമാരുടെയും ദുരിതപർവം അവതരിപ്പിച്ചാണ് ദയാബായി സമരത്തിന് തുടക്കം കുറിച്ചത്. ഇരകളായ കുഞ്ഞുങ്ങളെ സമരപ്പന്തലിൽ കൊണ്ടുവരുന്നതിനെതിരായ ബാലാവകാശ കമീഷൻ നിലപാടിനെയും ദയാബായി രൂക്ഷമായി വിമർശിച്ചു.
ഭരണകൂടം ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ചതാണ് എൻഡോസൾഫാൻ ദുരന്തമെന്നും അതിന് കാരണക്കാരായവരെ കൈയാമം വെക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും അഭിവാദ്യമർപ്പിച്ച വി.എം. സുധീരൻ പറഞ്ഞു.
മുഖ്യമന്ത്രി സമരക്കാരുമായി ചർച്ചക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടങ്കുളം സമരനായകൻ എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
ജനകീയ മുന്നണി പ്രസിഡൻറ് മുനീസ അമ്പലത്തറ അധ്യക്ഷതവഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഡോ.ഡി. സുരേന്ദ്രനാഥ്, വെള്ളനാട് രാമചന്ദ്രൻ, മെൽവിൻ വിനോദ്, മിർസാദ് റഹ്മാൻ, എം. ഷാജർഖാൻ തുടങ്ങിയവർ സംസാരിച്ചു. 2017 ജനുവരി 10ലെ സുപ്രീംകോടതി വിധി നടപ്പാക്കുക, 2017 ഏപ്രിലിലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ അർഹർക്ക് നഷ്ടപരിഹാരവും പുനരധിവാസവും ചികിത്സയും ഉറപ്പുവരുത്തുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക, റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.