പുനരധിവാസ സെല്‍ പുനസംഘടന ഈ മാസം
text_fieldsകാസര്‍കോട്: ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിന് സത്യസായി ട്രസ്റ്റിന് 15 ഏക്കര്‍ റവന്യൂഭൂമിയുടെ ഉപയോഗാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ മൊട്ടയില്‍ നബാര്‍ഡ് സഹായത്തോടെ നിര്‍മിച്ച മഹാത്മാ മാതൃകാ ബഡ്സ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ പുനസ്സംഘടന ഈമാസംതന്നെ പൂര്‍ത്തിയാക്കുമെന്നും ദുരിതബാധിതരുടെ റവന്യൂറിക്കവറിക്ക് മേലുള്ള മൊറട്ടോറിയം ഒരുവര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ളേജുകളിലെ ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മിച്ചുകൊടുക്കാനാണ് സത്യസായി ട്രസ്റ്റിന് റവന്യൂഭൂമിയുടെ ഉപയോഗാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് എന്നനിലക്കാണ് ഇത്തരമൊരു അനുമതി. ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒട്ടേറെ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ഇത്തവണത്തെ ബജറ്റില്‍ 10 കോടി രൂപയാണ് ഇതിനുവേണ്ടി നീക്കിവെച്ചത്. മൊറട്ടോറിയത്തിന്‍െറ കാലാവധി തീരുമ്പോള്‍ അതിനാവശ്യമായ തീരുമാനം പിറകേ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഗൗരി, ജേക്കബ് മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു സ്വാഗതവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് ശാരദ എസ്. നായര്‍ നന്ദിയും പറഞ്ഞു.
ഡോ. മുഹമ്മദ് ഷക്കീല്‍, ആര്‍ക്കിടെക്ട് അജിത്, എക്സി. എന്‍ജിനീയര്‍ ഷംസുദ്ദീന്‍, അധ്യാപിക ദീപ പേരൂല്‍ എന്നിവര്‍ക്ക് മന്ത്രി കെ.കെ. ശൈലജ ഉപഹാരം നല്‍കി. സബ് കലക്ടര്‍ മൃണ്‍മയിജോഷി, എ.ഡി.എം കെ. അംബുജാക്ഷന്‍, എന്‍ഡോസള്‍ഫാന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.