ഊർജ പ്രതിസന്ധി: കായംകുളം വൈദ്യുതി നിലയം വീണ്ടും സജ്ജമാക്കാൻ നീക്കം
text_fieldsആലപ്പുഴ: കൽക്കരി ക്ഷാമത്തെ തുടർന്ന് സംജാതമായ ഊർജപ്രതിസന്ധി കണക്കിലെടുത്ത് കായംകുളം താപവൈദ്യുതി നിലയം വീണ്ടും തുറക്കുന്നതിന് ആലോചന. രൂക്ഷമായ കൽക്കരി ക്ഷാമത്തിൽ രാജ്യമാകെയുണ്ടായ പ്രതിസന്ധി ഒക്ടോബർവരെയെങ്കിലും നീണ്ടേക്കുമെന്ന പശ്ചാത്തലത്തിലാണ് ഉൽപാദനച്ചെലവ് കൂടുതലായതിനാൽ വാങ്ങൽ അവസാനിപ്പിച്ച കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി വകുപ്പ് നീക്കം തുടങ്ങിയത്.
കേന്ദ്രപൂളിൽനിന്നടക്കം വൈദ്യുതി ലഭ്യത കുറഞ്ഞിരിക്കെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലായ സാഹചര്യത്തിലുമാണിത്. കായംകുളത്തെ നിലയം എൻ.ടി.പി.സി നിയന്ത്രണത്തിലുള്ളതാണ്. എൻ.ടി.പി.സിയുമായി വൈദ്യുതി ബോർഡ് ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിക്കഴിഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 50 കോടി അധികം ചെലവിട്ട് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിനൊപ്പം മറ്റ് സാധ്യതകളും ഉപയോഗപ്പെടുത്താനാണ് തീരുമാനം.
നാഫ്ത ഇന്ധനമാക്കുന്ന കായംകുളം നിലയത്തിൽനിന്ന് 350 മെഗാവാട്ട് വൈദ്യുതി ലഭിക്കും. വൈദ്യുതി വില യൂനിറ്റിന് 12 രൂപയിലധികമായി ഉയർന്നതിനെ തുടർന്നാണ് ഇവിടെനിന്ന് ഏഴുവർഷത്തിലധികമായി വൈദ്യുതി വാങ്ങുന്നത് സംസ്ഥാനം നിർത്തിയത്. അടുത്തകാലംവരെ എപ്പോൾ വേണമെങ്കിലും ഉൽപാദനം നടത്താനാകും വിധം നിലയം പരിപാലിച്ചു വരുകയായിരുന്നു. ഇന്ധനവും സൂക്ഷിച്ചിരുന്നു.
ഇതുകൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ ഇന്ധനം സംഭരിക്കുന്നത് കെ.എസ്.ഇ.ബി അനുമതിയോടെ കോർപറേഷൻ അവസാനിപ്പിച്ചു. പകരം 45 ദിവസം മുമ്പ് രേഖാമൂലമറിയിച്ചാൽ വൈദ്യുതി ഉൽപാദിപ്പിച്ച് നൽകാമെന്ന് ധാരണയുണ്ടാക്കി. ഉൽപാദനവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം ജീവനക്കാരെയും മറ്റു യൂനിറ്റുകളിലേക്ക് മാറ്റിയത് കൂടാതെ നിലയത്തിലെ പരിശോധനകളും കുറച്ചു. അതിനിടെയാണ് വീണ്ടും നിലയം തുറക്കാൻ സാധ്യത തെളിയുന്നത്.
ഭാരത് പെട്രോളിയം കോർപറേഷനിൽനിന്നാണ് നാഫ്ത വാങ്ങുന്നത്. ഇന്ധനം ലഭ്യമാക്കുന്നതിനും നിലയം പ്രവർത്തനക്ഷമമാക്കാൻ ജീവനക്കാരെ മറ്റു യൂനിറ്റുകളിൽനിന്ന് എത്തിക്കുന്നതിനുമാണ് 45 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.ഇ.ബി ആവശ്യപ്പെട്ടാൽ പരമാവധി ഒരു മാസത്തിനകം കായംകുളത്ത് വീണ്ടും വൈദ്യുതി ഉൽപാദനം തുടങ്ങാനാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ 164 താപനിലയങ്ങളിൽ നൂറിലും കൽക്കരി ശേഖരം കുറവാണ്. 56 നിലയങ്ങളിൽ 10 ശതമാനം പോലുമില്ല.
26 എണ്ണത്തിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് കൽക്കരി ശേഖരം. മേയ് 31വരെ യൂനിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അടിയന്തര തീരുമാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ഥിതി കേരളത്തിൽ മെച്ചമാണ്. പിക്ലോഡ് സമയത്തെ 15 മിനിറ്റ് നിയന്ത്രണം പരിമിതപ്പെടുത്തുന്നതിന് കൂടി ലക്ഷ്യമിട്ടാണ് വൈദ്യുതി ലഭ്യത വർധിപ്പിക്കൽ നീക്കമെന്നാണ് സൂചന. കായംകുളം നിലയത്തിൽനിന്ന് 22 മെഗാവാട്ട് സൗരവൈദ്യുതി ഏപ്രിൽ ഒന്നുമുതൽ കെ.എസ്.ഇ.ബിക്ക് കിട്ടിത്തുടങ്ങിയത് ഇപ്പോഴത്തെ സാഹചര്യത്തിൽ ആശ്വാസമാണ്.
യൂനിറ്റിന് 3.16 രൂപ നിരക്കിലാണ് ഈ വൈദ്യുതി ലഭിക്കുന്നത്. മേയ് മുതൽ കായംകുളത്തുനിന്ന് 70 മെഗാവാട്ട് സൗരവൈദ്യുതികൂടി ലഭിക്കും. സൗരപാനലുകൾ സ്ഥാപിച്ചാണ് ഉൽപാദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.