ദുബെയുടെ ആസ്തികൾ തേടി ഇ.ഡി; അന്വേഷണ സംഘം രൂപവത്കരിച്ചു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് വെടിവെച്ചുകൊന്ന ഗുണ്ടാത്തലവൻ വികാസ് ദുബെക്കും കുടുംബാംഗങ്ങൾക്കുമെതിരെ കള്ളപ്പണത്തട്ടിപ്പിന് കേസെടുത്ത് അന്വേഷിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ഒരുങ്ങുന്നു.
ഇതുവരെയുള്ള കേസുകളുടെയും കുറ്റപത്രങ്ങളുടെയും വിവരങ്ങൾ ചോദിച്ച് ഇ.ഡി കാൺപുർ പൊലീസിന് കത്തെഴുതി. ദുബെയുടെ കൂട്ടാളികളെ സംബന്ധിച്ച വിവരവും ആവശ്യപ്പെട്ടു. 24ലേറെ ആസ്തികൾ സ്വന്തമായും ബിനാമി പേരിലും ദുബെയും കുടുംബാംഗങ്ങളും സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ദുബെ കൊല്ലപ്പെട്ടെങ്കിലും കള്ളപ്പണത്തട്ടിപ്പ് തടയൽ നിയമപ്രകാരം ഇയാളുടെ കൂട്ടാളികളെയും കുടുംബാംഗങ്ങളെയും പറ്റി അന്വേഷണം തുടരാൻ തടസ്സമില്ലെന്നും ഇ.ഡി വ്യക്തമാക്കി. കൊലപാതകമടക്കം 60ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെ വ്യാഴാഴ്ചയാണ് പിടിയിലായത്. പിറ്റേദിവസം പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ യു.പി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.
കൂട്ടാളികൾ മുംബൈയിൽ അറസ്റ്റിൽ
ഉത്തർപ്രദേശ് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ അധോലോക നേതാവ് വികാസ് ദുബെയുടെ കൂട്ടാളികൾ താണെയിൽ പിടിയിൽ. കാൺപുരിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളികളായ ഗുഡ്ഢൻ എന്ന അരവിന്ദ് തൃവേദി (46), സോനു എന്ന സുഷീൽകുമാർ തിവാരി (30) എന്നിവരെയാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) ശനിയാഴ്ച പിടികൂടിയത്. എ.ടി.എസ് ജുഹു യൂനിറ്റിലെ ഇൻസ്പെക്ടർ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ ദയാ നായികിെൻറ നേതൃത്വത്തിലുള്ള സംഘം വിരിച്ച വലയിൽ ഇരുവരും കുടുങ്ങുകയായിരുന്നു.
ദുബെയുടെ വലംകൈയായാണ് ഗുഡ്ഢൻ അറിയപ്പെടുന്നത്. താമസ സൗകര്യം അന്വേഷിച്ച് ഗുഡ്ഢൻ താണെയിൽ കറങ്ങുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നുവെന്ന് ദയാ നായിക് പറഞ്ഞു. തുടർന്ന് നടത്തിയ നീക്കത്തിൽ താണെയിലെ കൊൽഷേത് റോഡിൽ ഇരുവരും പിടിയിലായി. പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഇരുവരും വാഹനത്തിൽ മഹാരാഷ്ട്രയിൽ ഒളിത്താവളം തേടുകയായിരുന്നു. 2001ൽ കാൺപുരിലെ ശിവ്ലി പൊലീസ് സ്റ്റേഷനകത്തുവെച്ച് അന്നത്തെ ഉത്തർപ്രദേശ് മന്ത്രി സന്തോഷ് ശുക്ലയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് ഗുഡ്ഢൻ. യു.പി പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.