കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
text_fieldsതിരുവനന്തപുരം: വിവാദമായ തൃശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി ആസ്ഥാനത്ത് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐ.ആർ.എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും.
കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിശദീകരണം.
കേസില്‍ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ 20 ദിവസം കഴിഞ്ഞാണ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോള്‍ പൊലീസിന് വിനയാകുന്നത്.
പിടിയിലാകുന്നതിന് മുന്‍പേ കവര്‍ച്ചാ പണം പ്രതികള്‍ പങ്കിട്ടെടുത്തിരുന്നു. ഈ തുക ആഡംബര ജീവിതം നയിക്കാനുള്‍പ്പടെ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ മറ്റ് പല ആവശ്യങ്ങള്‍ക്കായും പ്രതികള്‍ പണം വിനിയോഗിച്ചിട്ടുണ്ട്.
പ്രതികളുടെ ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപയെ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ. കേസില്‍ 21 പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേരെ ചോദ്യം ചെയ്തിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെ ജയില്‍ എത്തി ചോദ്യം ചെയ്യാനാണ് നീക്കം.
വാഹനത്തില്‍ പണം ഉണ്ടെന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയ റഷീദിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം കേസിലെ രാഷ്ട്രീയ ബന്ധം കണ്ടെത്തുന്നതിനായുള്ള ബി.ജെ.പി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.