സ്കൂൾ ബസുകളെ നിരത്തിലിട്ട് പൂട്ടി എൻഫോഴ്സ്മെന്റ്;തുടർപരിശോധനയിൽ പിഴയിട്ടത് ഒന്നര ലക്ഷത്തോളം രൂപ
text_fieldsജില്ലയിലെ സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധന
കോട്ടക്കൽ: ജില്ലയിലെ സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് നടത്തുന്ന തുടർപരിശോധനയിൽ ഫിറ്റ്നസ്, ഇൻഷുറൻസ്, പെർമിറ്റ് എന്നിവയില്ലാത്തതും നികുതി അടക്കാത്തതുമായ 60 ഓളം വാഹനങ്ങൾ പിടികൂടി. ഇരുനൂറോളം വാഹനങ്ങൾ പരിശോധിച്ചതിൽ ഒന്നര ലക്ഷത്തോളം രൂപ പിഴയീടാക്കി. നിരവധി സുരക്ഷാവീഴ്ചകളും നിയമ ലംഘനങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
ഇതോടെ ജില്ലയിലുടനീളം തുടർപരിശോധനക്ക് ആർ.ടി.ഒ പി.എ. നസീർ ഉത്തരവിടുകയായിരുന്നു. ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്കൂൾ, കോളജ് ബസ്സുകളുടെ രേഖകൾ പരിശോധിച്ച് കാലാവധി, ഡ്രൈവറുടെ ലൈസൻസ് കാലാവധി എന്നിവ സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽ, പ്രധാനാധ്യാപകർ എന്നിവർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ആർ.ടി.ഒ അഭ്യർഥിച്ചു. ചൊവ്വാഴ്ച നടന്ന പരിശോധനയിൽ 33 ബസ്സുകളിൽനിന്ന് 58000 രൂപ പിഴയീടാക്കിയിരുന്നു.
എം.വി.ഐമാരായ എം.വി. അരുൺ, വൈ.ജയചന്ദ്രൻ, എം.കെ. ബിനോയ്കുമാർ, കെ.എം. അസൈനാർ, എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ എം. സലീഷ്, വി. വിജീഷ്, അബ്ദുൽ കരീം, വി. രാജേഷ്, ദിപിൻ എടവന, എബിൻ ചാക്കോ, എൻ. പ്രേംകുമാർ, എസ്.ജി. ജെസ്സി, വിഷ്ണു വിജയ്, ഷൂജ മാട്ടട എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ഓപറേഷൻ ലേബൽ;114 സ്ഥാപനങ്ങളിൽ പരിശോധന
മലപ്പുറം: പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് ലേബൽ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക ദൗത്യസേന വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ജില്ലയിൽ അഞ്ച് സ്ക്വാഡുകളുടെ നേതൃത്വത്തിൽ 114 സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. നിയമ ലംഘനം കണ്ടെത്തിയ 16 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസും 11 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കാൻ റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. ഏഴു സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കും. അഡ്ജ്യൂഡിക്കേഷൻ ലഭിച്ച സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതി മുഖേന കേസ് ഫയൽ ചെയ്യും.
ഭക്ഷ്യസുരക്ഷ കമീഷണർ ജാഫർ മാലിക്കിന്റെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്. പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് ഉപയോഗിക്കേണ്ട സമയ പരിധി ഉൾപ്പടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ നിർബന്ധമായും പതിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശമുണ്ട്. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ചില ഹോട്ടലുകൾ ഗൗനിച്ചിരുന്നില്ല. നേരത്തെ ലേബൽ പതിച്ചിരുന്ന ഹോട്ടലുകൾ പിന്നീട് ഇത് അവഗണിച്ചു. ഇതേതുടർന്നാണ് വ്യാപക പരിശോധനക്ക് നിർദേശം നൽകിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അസി. കമീഷണർ ഡി. സുജിത്ത് പേരേര അറിയിച്ചു.
‘ജാഗ്രത വേണം’
മലപ്പുറം: പാർസൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർ ജാഫർ മാലിക് നിർദേശിച്ചു. ലേബൽ പതിക്കാതെയുള്ള പാർസൽ വിൽപന നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണം. ലേബൽ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. സമയപരിധി കഴിഞ്ഞ് കഴിക്കുന്ന പാർസൽ ഭക്ഷണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. എപ്പോൾ ഭക്ഷണം തയാറാക്കിയെന്നും എത്ര സമയംവരെ ഉപയോഗിക്കാമെന്നും ഹോട്ടലുടമ ലേബലിൽ രേഖപ്പെടുത്തണം. ഹോട്ടലിന്റെ പേരും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.