വിനോദയാത്രക്കിടെ വൈദ്യുതി ജീവനക്കാരുടെ ട്രാവലറിൽ ചരക്ക് ലോറിയിടിച്ച് ഒരാൾ മരിച്ചു
text_fieldsപെരിന്തൽമണ്ണ: വിനോദയാത്രക്കിടെ കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ച ട്രാവലറിൽ ചരക്ക് ലോറിയിടിച്ച് ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ 6.15 ഓടെ പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ഇ.എം.എസ് ആശുപത്രിക്ക് സമീപമുള്ള വളവിലായിരുന്നു അപകടം. കൊണ്ടോട്ടി പുളിക്കൽ വൈദ്യുതി സെക്ഷനിലെ സബ് എൻജിനീയർ വാഴയൂർ പുഞ്ചപ്പാടം താഴത്തുംചോല പരേതനായ അപ്പുട്ടിയുടെ മകൻ ഷാജി (44) ആണ് മരിച്ചത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു ദിവസത്തെ അവധിയിൽ പുളിക്കൽ സെക്ഷനിലെ 17 ജീവനക്കാരടങ്ങുന്ന സംഘം പാലക്കാട് വഴി വാൾപാറയിലേക്ക് യാത്രപുറപ്പെട്ടതായിരുന്നു.
തമിഴ്നാട് രജിസ്ട്രേഷനുള്ള ചെന്നൈയിലെ ലൈലൻറ് ചരക്ക് ലോറി ട്രാവലിൽ വന്നിടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. മധ്യഭാഗത്തെ സീറ്റിലിരുന്ന മൂന്നുപേരിൽ ഒരാളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്‍റെ പിൻഭാഗത്തെ രണ്ടു ചക്രങ്ങൾ തെറിച്ച് വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കൊണ്ടോട്ടി പൂക്കിലത്ത് സൂഫിയ എന്ന 23കാരിയെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ പിറകിലുണ്ടായിരുന്ന സ്കൂട്ടർ ട്രാവലറിൽ ഇടിച്ച് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരിയായിരുന്ന അങ്ങാടിപ്പുറം സ്വദേശിനി ഒറവുംപുറത്ത് ഹാദിയ (22) ക്കും പരിക്കേറ്റു. ഇവരെയും ട്രാവലറിലെ മറ്റു യാത്രക്കാരായ പുളിക്കൽ ദേവാരത്തിൽ സുനി (43), രാമനാട്ടുകര ഇളയടത് അമീർ അലി(29), കൊണ്ടോട്ടി ഐക്കരപ്പടി പേവുംപുറത്ത് ജിഷ്ണു (30), മുണ്ടുപറമ്പ് പറക്കച്ചാലി മുഹമ്മദ് ഷാഫി (31), ഫറോക്ക് കരുവാംതിരുത്തിൽ വളപ്പിൽ റഫീഖ് (40), എടവണ്ണ പരപ്പൻ ഷബീം (22), ലോറി ഡ്രൈവർ ചെന്നൈ സ്വദേശി രമേഷ് (32) എന്നിവരെയും പരിക്കുകളോടെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവകിയാണ് മരിച്ച ഷാജിയുടെ മാതാവ്. സഹോദരങ്ങൾ സുബ്രമണ്യൻ, ശശി, ഹേമ. വൈദ്യുതി വകുപ്പിൽ സബ് എൻജിനീയറായ ഷാജി കാടാമ്പുഴ ഓഫീസിൽ നിന്ന് നാലുമാസം മുമ്പാണ് പുളിക്കലേക്ക് സ്ഥലം മാറിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.