എൻജിനീയറിങ് പ്രവേശനം: ഓൺലൈൻ പരീക്ഷ നടത്തിപ്പ് സി.ഡിറ്റിന് കൈമാറിയേക്കും
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ (സി.ബി.ടി) രീതിയിൽ നടത്താൻ സാങ്കേതിക സഹായം നൽകുന്ന ഏജൻസിയായി സർക്കാർ സ്ഥാപനമായ സി.ഡിറ്റിനെ ചുമതലപ്പെടുത്തിയേക്കും. നിലവിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് നടത്തുന്ന എൽഎൽ.എം, എൽഎൽ.ബി, കെ. മാറ്റ് പരീക്ഷകൾ സി.ബി.ടി രീതിയിൽ നടത്തുന്ന ഏജൻസി എന്ന നിലയിലാണ് സി.ഡിറ്റിന് മുൻഗണന നൽകി നടപടി ആരംഭിച്ചത്.
കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാൻ സി.ഡിറ്റിന് പ്രവേശന പരീക്ഷ കമീഷണർ നിർദേശം നൽകി. നേരത്തെ സി.ബി.ടി രീതിയിലുള്ള പരീക്ഷ നടത്തിപ്പിന് ടെൻഡർ ക്ഷണിച്ച് ടാറ്റ കൺസൾട്ടൻസി സർവിസസിനെ (ടി.സി.എസ്) തെരഞ്ഞെടുത്തിരുന്നു. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്തിപ്പ് ഏൽപിക്കുന്നതിൽ സർക്കാറിന് താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് സി.ഡിറ്റിന്റെ സാധ്യത പരിശോധിക്കുന്നത്.
നിലവിൽ സി.ബി.ടി പരീക്ഷകൾ ഒരു ചോദ്യപേപ്പർ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് നടത്തിയെടുക്കുന്നതാണ്. എന്നാൽ, ലക്ഷത്തിലധികം വിദ്യാർഥികൾ അപേക്ഷിക്കുന്ന എൻജിനീയറിങ് എൻട്രൻസ് സി.ബി.ടി രീതിയിൽ ഒരു ദിവസംകൊണ്ട് നടത്തിയെടുക്കാൻ സാധിക്കില്ല. ജെ.ഇ.ഇ പരീക്ഷ മാതൃകയിൽ ഒന്നിലധികം ദിവസമെടുത്ത് വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിച്ച് മാത്രമേ സാധ്യമാകൂ.
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ പരീക്ഷ ഫലം നോർമലൈസ് ചെയ്തെടുക്കാൻ സോഫ്റ്റ്വെയർ ഉൾപ്പെടെ ആവശ്യമാണ്. ഇത് സി.ഡിറ്റിന് ലഭ്യമാക്കാനാകുമോ എന്നതിലുൾപ്പെടെ പരീക്ഷ കമീഷണറേറ്റ് വ്യക്തത തേടിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനാവശ്യമായ കമ്പ്യൂട്ടർ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ തേടി പ്രവേശന പരീക്ഷ കമീഷണർ വിവിധ ഡയറക്ടർമാർക്ക് കത്ത് നൽകിയിരുന്നു. ഈ മാസം 27നകം വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. കമ്പ്യൂട്ടർ സൗകര്യങ്ങൾ കൈറ്റ് ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.