എൻജിനീയറിങ് കോളജുകളിൽ പകുതി സീറ്റും ഒഴിഞ്ഞുകിടക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ ഇത്തവണ 50 ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുന്നു. കുട്ടികൾ ഇല്ലാതായ കോളജുകൾ അടച്ചുപൂട്ടുകയും ബാച്ചുകൾ നിർത്തലാക്കുകയും ചെയ്തിട്ടും ഇത്തവണയും ഒഴിവുള്ള സീറ്റിെൻറ എണ്ണം വർധിച്ചു. 143 എൻജിനീയറിങ് കോളജുകളിലുള്ള 49926 സീറ്റിൽ 25119ൽ മാത്രമാണ് കുട്ടികൾ എത്തിയത്. 24807 സീറ്റാണ് ഒഴിവുള്ളത്. കഴിഞ്ഞവർഷം 46 ശതമാനം സീറ്റാണ് ഒഴിഞ്ഞുകിടന്നിരുന്നത്.
ഇത്തവണ ഒരു വിദ്യാർഥിപോലും പ്രവേശനം നേടാത്ത ആറ് സ്വാശ്രയ കോളജുകളുണ്ട്. തൃശൂർ പൂമല ഫോക്കസ്, കൊടകര ആക്സിസ്, ഇരിങ്ങാലക്കുട ശ്രീ എറണാകുളത്തപ്പൻ, നോർത്ത് പറവൂർ മാത കോളജ്, റാന്നി ബിലീവേഴ്സ് ചർച്ച്, കൂത്താട്ടുകുളം ബസേലിയോസ് തോമസ് എന്നീ കോളജുകളിലാണ് ഒരു കുട്ടിപോലും പ്രവേശനം നേടാതിരുന്നത്. പ്രവേശനം നേടിയ വിദ്യാർഥികളുടെ രജിസ്ട്രേഷൻ കഴിഞ്ഞദിവസം സാേങ്കതിക സർവകലാശാലയിൽ പൂർത്തിയായപ്പോഴാണ് കണക്കുകൾ പുറത്തുവന്നത്.
സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇത്തവണ 56.5 ശതമാനം സീറ്റിലും കുട്ടികളില്ല. 108 കോളജുകളിലെ 37971 സീറ്റിൽ 21459ഉം ഒഴിഞ്ഞുകിടക്കുന്നു. പ്രവേശനം നടന്നത് 16512 സീറ്റിലേക്ക്. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഒഴിവുള്ളവയിൽ 15000വും സർക്കാർ നികത്തേണ്ട മെറിറ്റ് സീറ്റാണ്. 35 സ്വാശ്രയ കോളജുകളിൽ 30 ശതമാനത്തിൽ താഴെ സീറ്റിലേക്ക് മാത്രമാണ് പ്രവേശനം നടന്നത്. എട്ട് സ്വാശ്രയ കോളജുകളിൽ മാത്രമാണ് 80 ശതമാനത്തിൽ അധികം സീറ്റിൽ പ്രവേശനം നടന്നത്. കാക്കനാട് രാജഗിരി സ്കൂൾ ഒാഫ് എൻജിനീയറിങ് (99 ശതമാനം), പാരിപ്പള്ളി യു.കെ.എഫ് കോളജ് (95 ശതമാനം) തുടങ്ങിയവയാണ് കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്വകാര്യ സ്വാശ്രയ കോളജുകൾ. ഒരു വിദ്യാർഥിയും പ്രവേശനം നേടാത്ത ബാച്ചുകളുടെ എണ്ണം ഇത്തവണ 116 ആയി ഉയർന്നു. അഞ്ച് കുട്ടികളിൽ താഴെ പ്രവേശനം നേടിയ 32ഉം പത്ത് കുട്ടികളിൽ താഴെ പ്രവേശനം നേടിയ 92ഉം 20ന് താഴെ കുട്ടികൾ പ്രവേശനം നേടിയ 223ഉം ബാച്ചുകളുമുണ്ട്.
എൻജി. പ്രവേശനത്തിന് വിദ്യാർഥികൾ സംസ്ഥാനത്ത് ആദ്യം തെരഞ്ഞെടുക്കുന്ന സി.ഇ.ടിയിൽ ഇലക്ട്രോണിക്സിൽ എട്ടും ഇലക്ട്രിക്കലിൽ അഞ്ചും സീറ്റ് ഒഴിവുണ്ട്. വയനാട് (ഒമ്പത്), ശ്രീകൃഷ്ണപുരം (ഒന്ന്), കോഴിക്കോട് (മൂന്ന്) സർക്കാർ എൻജിനീയറിങ് കോളജുകളിലും സീറ്റ് ഒഴിവുണ്ട്. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലും ഇത്തവണ ഒഴിവുള്ള സീറ്റിെൻറ എണ്ണം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.