എൻജിനീയറിങ് എൻട്രൻസ്; പഴയ സിലബസിലെ ചോദ്യം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സിലബസിൽ മാറ്റംവരുത്തിയതോടെ ആദ്യം തയാറാക്കിയ ചോദ്യങ്ങൾ ഒഴിവാക്കി പുതിയ ചോദ്യപേപ്പറിൽ എൻജിനീയറിങ് പ്രവേശന പരീക്ഷ. ജൂൺ അഞ്ചിന് തുടങ്ങുന്ന സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ചോദ്യങ്ങളിലാണ് മാറ്റംവരുത്തിയത്. ഹയർ സെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങളിൽ വരുത്തിയ കുറവിന് അനുസൃതമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മാറ്റംവരുത്തിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി അധ്യയനവും നടത്തിയത്.
സിലബസിൽ വരുത്തിയ കുറവ് എസ്.സി.ഇ.ആർ.ടി സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറേറ്റിനെ അറിയിച്ചിരുന്നെങ്കിലും ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെട്ട സിലബസാണ് എൻജിനീയറിങ് പരീക്ഷക്കായി പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതോടെ എസ്.സി.ഇ.ആർ.ടി ഡയറക്ടർ നൽകിയ കത്തിനെ തുടർന്നാണ് സിലബസിൽ മാറ്റംവരുത്താൻ പ്രവേശന പരീക്ഷ കമീഷണറേറ്റ് തയാറായതും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതും. എന്നാൽ അതിന് മുമ്പുതന്നെ പഴയ സിലബസിൽ ചോദ്യപേപ്പർ തയാറാക്കുന്ന നടപടികൾ പൂർത്തിയാക്കിയിരുന്നു. സിലബസ് മാറ്റത്തിന് സർക്കാർ അനുമതി ലഭിച്ചതോടെ നേരത്തെ തയാറാക്കിയ ചോദ്യപേപ്പർ പിൻവലിക്കാനും പുതിയ സിലബസിൽ തയാറാക്കാനും തീരുമാനിക്കുകയായിരുന്നു.
പുതിയ ചോദ്യപേപ്പർ ഇതിനകം പ്രവേശന പരീക്ഷ കമീഷണറേറ്റിന് ലഭിച്ചിട്ടുണ്ട്. ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ അഞ്ച് ദിവസങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന പ്രവേശന പരീക്ഷക്ക് ഓരോ ദിവസവും വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള കരുതൽ ചോദ്യപേപ്പറും തയാറാക്കി. വ്യത്യസ്ത ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷയിലെ ചോദ്യങ്ങളുടെ നിലവാരവും കടുപ്പവും ഉൾപ്പെടെ പരിഗണിച്ചുള്ള നോർമലൈസേഷൻ നടത്തിയായിരിക്കും പ്രവേശന പരീക്ഷയുടെ സ്കോർ കണ്ടെത്തുക. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ സി.ഡിറ്റ് തയാറാക്കിയിട്ടുണ്ട്. വൈകി നടന്ന സിലബസ് മാറ്റം ചോദ്യപേപ്പറിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യം ഒഴിവാക്കിയാണ് പുതിയ ചോദ്യപേപ്പർ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.