എൻജിനീയറിങ് റാങ്ക് പട്ടിക; സി.ബി.എസ്.ഇ ഫലത്തിന്റെ സംസ്ഥാന ശരാശരി പരിഗണിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാനുള്ള സ്റ്റാന്റേഡൈസേഷന് വേണ്ടി സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി പരിഗണിക്കുന്നത് ദേശീയ ശരാശരിയും സംസ്ഥാന സിലബസിലുള്ളവരുടേത് പരിഗണിക്കുന്നത് സംസ്ഥാന ശരാശരിയും. ഇതിലുള്ള അന്തരവും കേരള വിദ്യാർഥികളെ പിറകിലാക്കാൻ വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷയുടെ കേരള റീജ്യൻ ഫലത്തിന്റെ ശരാശരി ശേഖരിച്ച് സ്റ്റാന്റേഡൈസേഷൻ പ്രക്രിയ നടത്തണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ ഇടപെട്ട് സി.ബി.എസ്.ഇ ഉൾപ്പെടെ കേന്ദ്ര ബോർഡുകളിൽ പരീക്ഷയെഴുതിയ കുട്ടികളുടെ കേരള റീജ്യൻ ഫലത്തിന്റെ ശരാശരി ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.
റാങ്ക് പട്ടിക തയാറാക്കാൻ വ്യത്യസ്ത പരീക്ഷ ബോർഡുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുമ്പോഴുണ്ടാകുന്ന അന്തരം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് മാർക്ക് ഏകീകരിക്കുന്ന സ്റ്റാന്റേഡൈസേഷൻ രീതി നടപ്പാക്കിയത്. ഗ്ലോബൽ മീൻ, സ്റ്റാന്റേഡ് ഡീവിയേഷൻ എന്നീ മാനകങ്ങൾ പരിഗണിച്ചാണ് സ്റ്റാന്റേഡൈസേഷൻ സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടപ്പാക്കുന്നത്. കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പരീക്ഷയിൽ കൂട്ടത്തോടെ ഉയർന്ന മാർക്ക് വന്നതോടെ, ഇവരുടെ ഗ്ലോബൽ മീൻ ഉയർന്നുനിൽക്കുന്നതാണ് പ്രവണത. കഴിഞ്ഞ തവണ ഫിസിക്സിൽ ഇത് 75.8690 ഉം കെമിസ്ട്രിയിൽ 76.1940 ഉം മാത്സിൽ 74.8827 ആയിരുന്നു. എന്നാൽ, സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ദേശീയതലത്തിൽ പരിഗണിക്കുമ്പോൾ ഫിസിക്സിൽ 66.0100 ഉം കെമിസ്ട്രിയിൽ 68.3300 ഉം മാത്സിൽ 61.0500 ഉം ആണ്. മറ്റ് പരീക്ഷ ബോർഡുകളിലും ഗ്ലോബൽ മീൻ കേരള സിലബസിനെ അപേക്ഷിച്ച് കുറവായിരുന്നു. മുഴുവൻ പരീക്ഷ ബോർഡുകളുടെയും ഗ്ലോബൽ മീൻ പരിഗണിച്ച് സ്റ്റാന്റേഡൈസേഷൻ നടപ്പാക്കിയപ്പോൾ എൻജിനീയറിങ് റാങ്ക് പട്ടികക്കായി നിശ്ചയിച്ച മൊത്തം ഗ്ലോബൽ മീൻ കേരള സിലബസിലുള്ളതിനേക്കാൾ കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.