മാസ്‌കില്‍ ഘടിപ്പിക്കുന്ന ഉച്ചഭാഷിണി വികസിപ്പിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ
text_fieldsതൃശൂർ: മാസ്‌കിട്ട് സംസാരിക്കുമ്പോള്‍ ശരിക്ക് കേള്‍ക്കുന്നില്ല വ്യക്തമാകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവരാണ് ഈ പ്രതിസന്ധി പ്രധാനമായും അനുഭവിക്കുന്നത്. മറ്റുള്ളവര്‍ക്ക് വ്യക്തമായി കേള്‍ക്കാനായി ശബ്ദം ഉയര്‍ത്തി സംസാരിക്കേണ്ടി വരുന്നതിലൂടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയും. ഇതിന് പരിഹാരമായി മാസ്‌കില്‍ ഘടിപ്പിക്കുന്ന ഉച്ചഭാഷിണി ഉപകരണം വികസിപ്പിച്ച് ശ്രദ്ധേയരായിരിക്കുകയാണ് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍.
കോളജിലെ പൂര്‍വവിദ്യാര്‍ഥികളും മലപ്പുറം സ്വദേശികളുമായ മുഹമ്മദ് റിഷാന്‍, സവാദ് കെ ടി എന്നിവരും വിദ്യാര്‍ഥിയായ തൃശൂർ സ്വദേശി കെവിന്‍ ജേക്കബ്ബും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഉപകരണം 'ക്യുനൈറ്റ്സ് വോയ്സ് ആബ്ലിഫയര്‍' കോളേജില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു അവതരിപ്പിച്ചു.
ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രേണിക്‌സില്‍ ബിരുദം നേടിയ മുഹമ്മദ് റിഷാന്‍, സിവിലില്‍ ബിരുദം നേടിയ സവാദ്, രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥിയായ കെവിന്‍ ജേക്കബ്ബ് എന്നിവരുടെ ആറ് മാസത്തെ പ്രയത്ന ഫലമാണ് മാസ്‌കില്‍ ഘടിപ്പിക്കുന്ന ഉച്ചഭാഷിണി ഉപകരണം.
കെവിെൻറ ഡോക്ടർമാരായ മാതാപിതാക്കളുടെ പ്രയാസം കണ്ടാണ് ഇത്തരം ഒരു ഉൽപന്നം നിർമ്മിക്കുക എന്ന ആശയം ഉടലെടുത്തത്. മാസ്കിലും വസ്ത്രത്തിലും ഘടിപ്പിക്കുന്ന ഒരു ചെറിയ ഉപകരണമാണ് ക്യുനൈറ്റ്സ് വോയ്സ് ആബ്ലിഫയര്‍.
ഉല്‍പന്നത്തെക്കുറിച്ച് കേട്ടറിഞ്ഞ് അധ്യാപകരും ഡോക്ടര്‍മാരും ഇത് വാങ്ങുന്നുണ്ടെന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും മുഹമ്മദ് റിഷാൻ പറയുന്നു. 1999 രൂപക്കാണ് ഇവർ ഇത് വിൽപന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.