സർക്കാർ നിയന്ത്രിത കോളജുകളിലും എൻട്രൻസില്ലാതെ എൻജി. പ്രവേശനം
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ കോളജുകൾക്ക് പുറമെ, സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിങ് കോളജുകളിലും എൻട്രൻസ് പരീക്ഷ യോഗ്യതയില്ലാത്ത വിദ്യാർഥികൾക്ക് ബി.ടെക് പ്രവേശനം. സ്വകാര്യ-സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ സ്പോട്ട് അലോട്ട്മെന്റിന് ശേഷവും ഒഴിവുള്ള സീറ്റുകളിലേക്ക് എൻട്രൻസ് ഇല്ലാതെ പ്രവേശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതിനൊപ്പമാണ് സർക്കാർ നിയന്ത്രിത കോളജുകൾക്കും ഇത് ബാധകമാക്കി ഉത്തരവിറക്കിയത്. സർക്കാർ നിയന്ത്രണത്തിൽ ഐ.എച്ച്.ആർ.ഡി, കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്) എന്നിവക്ക് കീഴിലുള്ള ഒമ്പതു വീതം എൻജിനീയറിങ് കോളജുകളിലേക്കും എൽ.ബി.എസിന് കീഴിലുള്ള രണ്ടും സി.സി.ഇ.കെയുടെ കീഴിലുള്ള മൂന്നാർ എൻജിനീയറിങ് കോളജിലെയും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കും എൻട്രൻസ് പരീക്ഷ പാസാകാത്ത വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാകും.
കെ.എസ്.ആർ.ടി.സിക്ക് കീഴിൽ തിരുവനന്തപുരം പാപ്പനംകോടുള്ള എസ്.സി.ടി കോളജിലും തൊടുപുഴയിലെ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലേക്കും ഒഴിവുള്ള സീറ്റുകളിൽ ഇതേ രീതിയിൽ പ്രവേശനം നൽകാനാകും. പ്ലസ് ടു/ തത്തുല്യ പരീക്ഷ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ 45 ശതമാനം മാർക്കോടെ പാസാകണമെന്ന വ്യവസ്ഥയിലായിരിക്കും പ്രവേശനം.
ഫലത്തിൽ എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും ഈ വർഷം മുതൽ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലും സ്വകാര്യ സ്വാശ്രയ കോളജുകളിലും ബി.ടെക് പ്രവേശനം ലഭിക്കും.
സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സ്പോട്ട് അലോട്ട്മെന്റിന് ശേഷം എൻട്രൻസ് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്കും പ്രവേശനാനുമതി നൽകണമെന്ന് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാർ തീരുമാനമെടുത്തത് ചൊവ്വാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാർ ഉത്തരവിനനുസൃതമായി പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താൻ പ്രവേശന പരീക്ഷ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.