എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ഇന്ന്; അഡ്മിറ്റ് കാർഡിനൊപ്പം തിരിച്ചറിയൽ രേഖ നിർബന്ധം
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 346 കേന്ദ്രങ്ങളിൽ നടക്കും.
കേരളത്തിനു പുറത്ത് മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലാണ് പരീക്ഷ. 1,22,083 പേരാണ് പരീക്ഷ എഴുതുന്നത്. കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ് -13,824. രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് 2.30 മുതൽ വൈകീട്ട് അഞ്ചുവരെ പേപ്പർ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും.
ഫാർമസി കോഴ്സിലേക്ക് മാത്രം അപേക്ഷിച്ച വിദ്യാർഥികൾ രാവിലെ നടക്കുന്ന പേപ്പർ ഒന്ന് പരീക്ഷ മാത്രം എഴുതിയാൽ മതി. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിന് പുറമെ, ഫോട്ടോയുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൂടി കരുതണം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളാണ് പരീക്ഷകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷകേന്ദ്രങ്ങളായ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ. മെഡിക്കൽ/ഡെന്റൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി ജൂലൈ 17നാണ് നടക്കുന്നത്.
പരീക്ഷാർഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കരുതണം. ഡ്രൈവിങ് ലൈസൻസ്/ പാസ്പോർട്/ പാൻ കാർഡ്/ ഇലക്ഷൻ ഐഡി/ ഫോട്ടോയുള്ള ദേശസാത്കൃത ബാങ്ക് പാസ്ബുക്ക്/ ആധാർ/ ഇ-ആധാർ/ പ്ലസ് ടു പരീക്ഷയുടെ ഫോട്ടോയുള്ള ഹാൾടിക്കറ്റ്/ പ്ലസ് ടു പഠിച്ച സ്കൂൾ മേധാവി നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്/ ഗസറ്റഡ് ഓഫിസർ നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും.
• പരീക്ഷാർഥികൾ മാസ്ക് ധരിക്കുകയും കൈകൾ സാനിറ്റൈസ് ചെയ്യുകയും വേണം.
• അവശ്യം വേണ്ട സാമഗ്രികൾ (പേന, വെള്ളം, ഉച്ചഭക്ഷണം) എന്നിവ കൈയിൽ കരുതാം.
• മൊബൈൽ ഫോൺ/ കാൽക്കുലേറ്റർ/ ഇലക്ട്രോണിക്/ സ്മാർട് വാച്ചുകൾ തുടങ്ങിയവ പരീക്ഷ ഹാളിൽ അനുവദിക്കില്ല.
• അഡ്മിറ്റ് കാർഡിൽ നിർദേശിച്ച സമയത്തുതന്നെ പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
• രാവിലെയും ഉച്ചക്കുശേഷവും പരീക്ഷയെഴുതുന്നവർ ആവശ്യമായ കുടിവെള്ളവും ഭക്ഷണവും കരുതണം.
• രാവിലത്തെ പരീക്ഷക്കുശേഷം ഉച്ചഭക്ഷണത്തിനായി വിദ്യാർഥിക്ക് പുറത്തുപോകാം.
• ഉപയോഗശേഷമുള്ള മാസ്ക്, കൈയുറകൾ എന്നിവ അതിനായി സ്ഥാപിച്ച സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക. ആവശ്യമായ മാസ്ക് കരുതുക.
• കോവിഡ് ബാധിതരായ വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ നൽകിയ പരീക്ഷ കേന്ദ്രത്തിന്റെ ഫോണിൽ അസുഖവിവരം അറിയിക്കുകയും പ്രത്യേകം ഒരുക്കുന്ന സൗകര്യം ഉപയോഗിച്ച് പരീക്ഷ എഴുതുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.