റോഡ് തകർന്നാൽ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്ക്; നടപടിക്ക് മടിക്കില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: റോഡ് തകർന്നാൽ പ്രാഥമിക ഉത്തരവാദിത്തമുള്ളവരെന്ന നിലയിൽ എൻജിനീയർമാർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്ന് ഹൈകോടതി. റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന മരണങ്ങൾ തുടർക്കഥയാകാൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ആലുവ സ്വദേശി കുഞ്ഞുമുഹമ്മദ് സെപ്റ്റംബർ 15ന് മരണപ്പെട്ടത് പരാമർശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം, ആലുവ-പെരുമ്പാവൂർ റോഡ് അപകടത്തിന് കാരണമാകാനിടയായ വിധം തകർന്നതായി അറിയിച്ചിട്ടും അറ്റകുറ്റപ്പണിക്ക് അനുമതി ലഭിച്ചില്ലെന്നായിരുന്നു കോടതി നിർദേശപ്രകാരം ഹാജരായിരുന്ന ബന്ധപ്പെട്ട എൻജിനീയർമാരുടെ വിശദീകരണം. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ രണ്ടു സൂപ്രണ്ടിങ് എൻജിനീയർമാരും കേരള റോഡ് ഫണ്ട് ബോർഡിലെ എക്സി. എൻജിനീയർ, അസി. എക്സി. എൻജിനീയർ തുടങ്ങിയവരുമാണ് കോടതി നിർദേശപ്രകാരം തിങ്കളാഴ്ച ഹാജരായത്. ആലുവ-പെരുമ്പാവൂർ റോഡിൽ കുഴികൾ രൂപപ്പെട്ടത് മേയ് മാസത്തോടെയാണെന്നും അപകടാവസ്ഥ വ്യക്തമാക്കി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയെങ്കിലും അറ്റകുറ്റപ്പണിക്ക് അനുമതി ലഭിച്ചില്ലെന്നും പൊതുമരാമത്ത് എൻജിനീയർമാർ അറിയിച്ചു. റോഡ് നിർമാണത്തിനായി കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയതിനാൽ അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് നൽകേണ്ടെന്ന് ചീഫ് എൻജിനീയർ നിർദേശിച്ചെന്നും വിശദീകരിച്ചു.
വിശദീകരണം ഞെട്ടിക്കുന്നതാണെന്നും റോഡ് അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും മറ്റൊരു ഏജൻസിക്ക് കൈമാറിയതുകൊണ്ട് അറ്റകുറ്റപ്പണി നടത്തേണ്ടെന്ന് തീരുമാനിക്കുന്നത് എന്തു സംവിധാനമാണെന്നും കോടതി ചോദിച്ചു.
ജൂൺ 27ന് കൈമാറിയ റോഡിൽ പണി തുടങ്ങിയത് ജൂലൈ 17നാണ്. പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചതിനെ തുടർന്ന് നാലു വർഷമായി ഇത്തരം വീഴ്ചകൾക്കെതിരെ കോടതി സംസാരിക്കുന്നു. നല്ല റോഡിനായി ഇനിയുമെത്ര കാലം കാത്തിരിക്കണം. തകർന്ന റോഡുകളെക്കുറിച്ച് എറണാകുളം, തൃശൂർ, മലപ്പുറം ജില്ല കലക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടുകൾകൊണ്ട് മാത്രം ഉത്തരവാദിത്തം കഴിയുന്നില്ല. ഇതു പരിഹരിക്കാൻ മേൽനോട്ടം വഹിക്കണം. യാത്രക്കാർക്ക് ശവപ്പെട്ടിയിലാകാതെ ജീവനോടെ വീടുകളിൽ തിരിച്ചെത്താൻ കഴിയണമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.