റോഡുകൾ തകർന്നു തുടങ്ങുമ്പോൾ തന്നെ എൻജിനീയർമാർ അറിയാത്തതെന്ത് – ഹൈകോടതി
text_fieldsകൊച്ചി: റോഡുകൾ തകർന്നു തുടങ്ങുമ്പോൾ തന്നെ അറ്റകുറ്റപ്പണികൾക്ക് സമയമായെന്ന് എൻജിനീയർമാർ തിരിച്ചറിയാത്തതെന്തെന്ന് ഹൈകോടതി. തകർന്ന് തരിപ്പണമാകുംവരെ എൻജിനീയർമാർ എവിടെയാണ്. ഇത്തരം കാര്യങ്ങളിൽ സമയോചിത പരിഹാരമില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ആവശ്യമെന്താണ്. റോഡ് പൊളിയാൻ കാരണം മഴയല്ലെന്നും റോഡ് തകർന്നതിന് കാരണം പറയാൻ മഴ പെയ്യാൻ പലരും കാത്തിരിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികൾ പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിെൻറ രൂക്ഷ വിമർശനം. റോഡുകളെക്കുറിച്ച പരാതികൾ ജനങ്ങൾക്ക് നേരിട്ടറിയിക്കാമെന്ന് അറിയിച്ചതിെന തുടർന്ന് നിരവധി പരാതികളാണ് ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ജില്ലകളിലെ തകർന്ന പൊതുമരാമത്ത്, തദ്ദേശ ഭരണ സ്ഥാപന റോഡുകളെക്കുറിച്ചും ചില കരാറുകാർക്കെതിരെയും എൻജിനീയർമാർക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കീഴിലെ റോഡുകൾ നന്നാക്കാൻ കഴിയാത്തതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് തദ്ദേശ ഭരണ വകുപ്പിന് ഒഴിയാനാവില്ല. ഒരു പൊട്ടൽ പോലുമില്ലാതെ പാലക്കാട് - ഒറ്റപ്പാലം റോഡ് വർഷങ്ങളായി നിലനിൽക്കുന്നത് കോടതി ചൂണ്ടിക്കാട്ടി. മലേഷ്യൻ എൻജിനീയറാണ് ഈ റോഡ് നിർമിച്ചത്. മികച്ച റോഡ് നിർമിച്ചെങ്കിലും അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. നൂറു രൂപക്ക് റോഡുണ്ടാക്കാൻ കരാറുണ്ടാക്കിയാൽ പകുതി പോലും റോഡിനു വേണ്ടി ചെലവിടാത്ത അവസ്ഥയാണിവിടെ. എൻജിനീയർമാരുടെ അറിവില്ലാതെ ഇത്തരം ഇടപാടുകൾ നടക്കില്ല.
ആരുടെയോ അശ്രദ്ധകൊണ്ട് റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരണപ്പെടുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണം. വേണ്ടപ്പെട്ടവർ ഇത്തരത്തിൽ അപകടത്തിൽപെടുമ്പോൾ മാത്രമേ ബന്ധപ്പെട്ടവർക്ക് പ്രയാസമുണ്ടാകൂ. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്ന കാര്യത്തിൽ ജനങ്ങൾക്ക് ഉറപ്പു വേണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.