സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷ അധ്യാപനം നിയമം പാലിച്ചെന്ന് സർക്കാർ
text_fieldsകൊച്ചി: അഞ്ച് ഡിവിഷൻ വീതം ഉണ്ടെങ്കിൽ മാത്രം സർക്കാർ-എയിഡഡ് സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയുണ്ടാക്കിയാൽ മതിയെന്ന ചട്ടമാണ് വിദ്യാഭ്യാസ വകുപ്പ് പാലിച്ചുവരുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ. 2002ലെ നിയമപ്രകാരം അഞ്ച് ഡിവിഷനിൽ താഴെ മാത്രമുള്ള സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ പ്രത്യേകം അധ്യാപകരെ നിയമിക്കേണ്ടതില്ല. ഇതേവരെ ഇൗ ഉത്തരവ് കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഇംഗ്ലീഷ് പഠിപ്പിക്കാൻ മുഴുസമയ അധ്യാപകരെ നിയമിക്കാവുന്ന വിധം സ്റ്റാഫ് നിർണയ പുനഃക്രമീകരണം ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പി.എം. അലി, തിരുവല്ല കല്ലൂപ്പാറ സ്വദേശി റെജി തോമസ് എന്നിവർ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. ഇംഗ്ലീഷ് പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർതന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്ന രീതി പല സ്കൂളിലും നിലവിലുള്ളതിനാൽ വിദ്യാർഥികൾക്കിടയിൽ ഭാഷാപരമായ നിലവാരത്തകർച്ചയുണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
പല സ്കൂളിലും ഇംഗ്ലീഷിന് പ്രത്യേക അധ്യാപകരില്ല. മൂന്ന് ഡിവിഷനിലായി ആഴ്ചയിൽ 15 പീരിയഡുകൾ വീതം ഒരു വിഷയത്തിൽ പഠനം നടക്കുന്നുണ്ടെങ്കിൽ ആ വിഷയത്തിൽ മുഴുസമയ ഹൈസ്കൂൾ അസിസ്റ്റൻറിെൻറ തസ്തിക അനുവദിക്കാമെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നുണ്ടെങ്കിലും ഇംഗ്ലീഷിെൻറ കാര്യത്തിൽ നടപ്പാക്കുന്നില്ല. ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിനെ കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേൺ പുനഃസംഘടന നടക്കുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, മറ്റ് വിഷയങ്ങൾക്കുള്ള പീരിയഡുകളിൽനിന്നാണ് ഇംഗ്ലീഷ് ക്ലാസ് സമയം അടർത്തിയെടുക്കുന്നതെന്ന് സർക്കാറിെൻറ വിശദീകരണത്തിൽ പറയുന്നു. കൂടുതൽ അധ്യാപന സമയം ഇങ്ങനെ അടർത്തി മാറ്റി ഇംഗ്ലീഷ് അധ്യാപക തസ്തികയുണ്ടാക്കുേമ്പാൾ മറ്റ് വിഷയങ്ങൾ എടുക്കുന്ന അധ്യാപകരുടെ അധ്യാപന സമയത്തെയും ജോലിയെയും ബാധിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ചട്ടപ്രകാരം ഭാഷ വിഭാഗത്തിൽ ഇംഗ്ലീഷ് ഉൾപ്പെടുന്നില്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് അധ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക നിയമം 2002 മുതൽ നിലവിലുള്ളതെന്നും സർക്കാർ വിശദീകരണത്തിൽ പറയുന്നു. ഹരജി വീണ്ടും ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.