സ്ഥാനം തെറിക്കുമോ? എ.ഡി.ജി.പി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് കൈമാറി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ വീഴ്ചകൾ നിരത്തിയ റിപ്പോർട്ട് നാടകീയതകൾക്കൊടുവിൽ സർക്കാറിന്. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി ഡി.ജി.പി ദർവേഷ് സാഹിബ് തയാറാക്കിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികളുടെ സമ്മർദം അതിജീവിച്ചും മുഖ്യമന്ത്രി അജിത്കുമാറിനെ സംരക്ഷിക്കുന്ന പ്രതീതിയായിരുന്നു. നടപടി ആസന്നമാണെന്ന സൂചന നൽകി ആദ്യപടിയെന്നോണം ശബരിമല അവലോകനയോഗത്തിൽനിന്ന് എ.ഡി.ജി.പിയെ മാറ്റിനിർത്തി.
കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് സർക്കാറിനെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് കാരണം കോഓഡിനേറ്ററായ എ.ഡി.ജി.പി ആണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടും പരിഗണനയിൽ വന്നു.
രണ്ട് പ്രമുഖ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാർക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവർ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പരിചയപ്പെടാനുള്ള സ്വകാര്യ സന്ദർശനമെന്ന അജിത്കുമാറിന്റെ വാദവും അദ്ദേഹം തള്ളി.
ഔദ്യോഗിക പദവിയുടെ ദുരുപയോഗം സർവിസ് ചട്ടലംഘനം എന്നിവ നിരത്തുന്ന റിപ്പോർട്ട് കുറ്റമറ്റതാക്കാൻ ശ്രമകരമായ ദൗത്യമാണ് ഡി.ജി.പിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി പൊലീസ് ആസ്ഥാനത്ത് നടന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ചയും മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് റിപ്പോർട്ടിന് അന്തിമരൂപമായത്.
ഡി.ജി.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരായ ഐ.ജി ജി. സ്പർജൻകുമാർ, ഡി.ഐ.ജി തോംസൺ ജോസ്, എസ്.പിമാരായ എസ്. മധുസൂദനൻ, എ. ഷാനവാസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.