പൊലീസ് ആസ്ഥാനത്തെത്തുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ‘അപ്രത്യക്ഷമാകുന്നു’
text_fieldsതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തത്തെുന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ പലതും ‘അപ്രത്യക്ഷമാകുന്ന’തായി ആക്ഷേപം. സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കും പ്രതിപക്ഷ അനുകൂലസംഘടനനേതാക്കള്‍ക്കും എതിരായ റിപ്പോര്‍ട്ടുകള്‍ പോലും ഇതില്‍പെടുന്നു. എന്നാല്‍, ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും പൊലീസ് ഉന്നതര്‍ തയാറാകുന്നില്ല. സഹകരണബാങ്ക് പ്രതിസന്ധി സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍നയത്തെ വിമര്‍ശിച്ച് വാട്സ്ആപ് സന്ദേശം പ്രചരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരായ റിപ്പോര്‍ട്ടാണ് ഒടുവില്‍ ‘കാണാതായത്’. ‘ഈ സഖാക്കളുടെ ഓരോ കാര്യങ്ങള്‍’ എന്ന തലക്കെട്ടില്‍ ‘പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറക്കണം, സഹകരണബാങ്കിലെ നിലവറ തുറക്കാന്‍ ഞങ്ങ സമ്മതിക്കൂല ...’ എന്ന പോസ്റ്റാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്സ്ആപ് ഗ്രൂപ്പില്‍ ഇവര്‍ പോസ്റ്റ് ചെയ്തത്.
സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിലുള്ള വനിത സിവില്‍ പൊലീസ് ഓഫിസറാണ് ഇതു ചെയ്തത്. ഇവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. സംഭവം വിവാദമായതോടെ പൊലീസ് മേധാവിയുടെ ടീമില്‍ നിന്ന് മാറ്റി പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിയമിച്ചു. ഇവര്‍ക്കെതിരായ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയതും ഹൈടെക് സെല്ലിനെയാണ്.
ഹൈടെക് സെല്ലിന്‍െറ അധികചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടത്തെി. എന്നാല്‍, ഇതുസംബന്ധിച്ച് അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്ത് നിന്ന് ‘അപ്രത്യക്ഷമായി’രിക്കുകയാണ്. ഇതിനുപിന്നില്‍ തിരിമറികളുണ്ടെന്ന ആക്ഷേപം ശക്തമാണ്. പൊലീസ് ട്രെയിനിങ് കോളജ് (പി.ടി.സി) മുന്‍പ്രിന്‍സിപ്പല്‍ എസ്.വി. ഗോപാല്‍കൃഷ്ണനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് അസോസിയേഷന്‍ (കെ.പി.എ) മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടതായാണ് വിവരം.
ക്രൈംബ്രാഞ്ചിന്‍െറ ചുമതലയുണ്ടായിരുന്ന ഡി.ജി.പി രാജേഷ് ദിവാനാണ് അജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതില്‍ നിയമോപദേശം തേടി. ഇത് മുന്‍കാലങ്ങളില്‍ സംഭവിക്കാത്തതും ചട്ടവിരുദ്ധവുമാണെന്ന് പൊലീസ്ഉന്നതര്‍ തന്നെ പറയുന്നു. അജിത്തിനെ രക്ഷിക്കാനുള്ള ചരടുവലിയില്‍ ബെഹ്റക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.