നടിക്കെതിരെ മോശം പരാമർശം: സെൻകുമാറിനെതിരെ അന്വേഷണം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് പരാമർശം നടത്തിയ മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വനിത കൂട്ടായ്മ നൽകിയ പരാതിയിൽ എ.ഡി.ജി.പി ബി. സന്ധ്യയാണ് അന്വേഷണം നടത്തുന്നത്.
സമകാലിക മലയാളം വാരികക്ക് അഭിമുഖം നൽകുന്നതിനിടയിലാണ് തനിക്ക് വന്ന ഒരു ഫോൺകാളിൽ സെൻകുമാർ വിവാദ പരാമർശം നടത്തിയത്. വാരിക അവ പ്രസിദ്ധീകരിച്ചില്ലെങ്കിലും ഡി.ജി.പിക്ക് വാരികയുടെ പത്രാധിപർ നൽകിയ വിശദീകരണത്തിൽ സെൻകുമാറിന്റെ ഈ പരാമർശവും ഉൾപ്പെട്ടിരുന്നു.
സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കാട്ടി എ.ഡി.ജി.പി ബി. സന്ധ്യ പൊലീസ് മേധാവിക്ക് രഹസ്യ റിപ്പോർട്ട് നേരത്തെ നൽകിയിരുന്നു. ആക്രമണത്തിനിരയായ നടിയെക്കുറിച്ച് സെൻകുമാർ നടത്തിയ പരാമർശം സാധാരണ വ്യക്തിയിൽ നിന്നുപോലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വൻ ഗൂഢാലോചന നടന്നതായി സംശയമുണ്ട്. കേസ് അന്വേഷണം നടത്തിയ തെൻറ മനോവീര്യം പോലും തകർക്കാൻ ശ്രമിച്ചു. സെൻകുമാർ ഡി.ജി.പിയായിരിക്കെ നടത്തിയ പല ഇടപെടലുകളും സംശയാസ്പദമാണെന്നും റിപ്പോർട്ടിൽ ബി. സന്ധ്യ ചൂണ്ടിക്കാട്ടിയിരുന്നു.
സെൻകുമാറിനെതിരായ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരിൽ നിന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.