‘എന്റെ ഭൂമി’ പോർട്ടൽ: വില്ലേജ്തലത്തിലും പരാതി പരിഹാരത്തിന് സംവിധാനം
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ സർവേയുടെ ഭാഗമായി സർവേ ഡയറക്ടറേറ്റിന്റെ മാത്രം അധീനതയിലായിരുന്ന ‘എന്റെ ഭൂമി’ പോർട്ടൽ ഇനി വില്ലേജ് തലത്തിലും പരാതികളും അതിർത്തി തർക്കങ്ങളും പരിഹരിക്കാൻ ഭൂവുടമകൾക്ക് പ്രയോജനപ്പെടുത്താം. അതിനുള്ള സംവിധാനം പോർട്ടലിൽ ഏർപ്പെടുത്താൻ തീരുമാനമായി. ഡിജിറ്റൽ റീസർവേ ചെയ്യുന്ന സമയത്തുതന്നെ പരമാവധി പരാതികളും അതിർത്തിതർക്കങ്ങളും ഇതുവഴി പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. ബന്ധപ്പെട്ട സർവേ സൂപ്രണ്ടിന് പരാതി നൽകാനാണ് സംവിധാനം ഏർപ്പെടുത്തുക. റീസർവേക്കുശേഷം ഭൂരേഖ പരിപാലന (എൽ.ആർ.എം) പരാതികൾ കുറക്കാനാണിത്. മുൻ റീസർവേ സംബന്ധിച്ച് ലക്ഷക്കണക്കിന് പരാതികളാണ് താലൂക്ക് ഭൂരേഖ തഹസിൽദാർമാരുടെ മുമ്പാകെയുള്ളത്.
റീസർവേ പൂർത്തിയായശേഷം പ്രസിദ്ധീകരിക്കുന്ന പ്രാഥമിക വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാൻ അതത് വില്ലേജിൽ പ്രദർശിപ്പിക്കും.
ആക്ഷേപമുള്ളവർക്ക് ബന്ധപ്പെട്ട റീസർവേ അസി. ഡയറക്ടർക്ക് പരാതി നൽകാം. വില്ലേജ് ഓഫിസർ, സ്പെഷൽ തഹിൽദാർ, തഹസിൽദാർ, റവന്യൂ ഡിവിഷനൽ ഓഫിസർ, ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) തുടങ്ങിയ ഉദ്യോഗസ്ഥർക്ക് പുറമ്പോക്ക് ഭൂമിയും വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനും തിരുത്താനും പോർട്ടലിൽ സംവിധാനമുണ്ട്.
ഡിജിറ്റൽ റീസർവേ: റെലിസിനെമാത്രം ആശ്രയിക്കാനുള്ള അപേക്ഷ തള്ളി
ഡിജിറ്റൽ റീസർവേ നടത്തുമ്പോൾ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) എന്ന റവന്യൂ വകുപ്പിന്റെ വെബ് പോർട്ടലിലെ ഡിജിറ്റൽ രേഖകൾ മാത്രം പരിശോധിച്ച് രേഖകൾ തയാറാക്കാൻ സർവേ ഡയറക്ടർ നൽകിയ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. മറ്റു ഭൂരേഖകളും പരിശോധിച്ച് വേണം റീസർവേ രേഖകൾ തയാറാക്കാനെന്ന് സർക്കാർ ഉത്തരവിട്ടു. ലാൻഡ് റവന്യൂ കമീഷണർ നൽകിയ ശിപാർശകൂടി പരിഗണിച്ചാണ് സർക്കാറിന്റെ തീരുമാനം.
റെലിസ് സോഫ്റ്റ്വെയറിലെ വിവരങ്ങൾ സൂചകങ്ങളായി മാത്രം കണ്ട് മുൻ സർവേ രേഖകൾ, വില്ലേജിൽ ലഭ്യമായ ഫിസിക്കൽ റെക്കോഡുകൾ, ഇപ്പോഴത്തെ സർവേ വിവരങ്ങൾ എന്നിവ ഒത്തുനോക്കി സർവേ മാന്വലിന്റെയും കേരള സർവേ അതിരടയാള നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സർവേ നടത്താനാണ് ഡയറക്ടർക്ക് നിർദേശം നൽകിയത്. നിലവിലെ കൈവശാവകാശ അതിർത്തിക്കനുസരിച്ച് അളന്ന്, രേഖ തയാറാക്കി വിസ്തീർണം കണക്കാക്കുകയാണ് റീസർവേയിൽ ചെയ്യുന്നത്.
ഭൂമി കൈമാറ്റം, പോക്കുവരവ് എന്നിവ സർവേ റെക്കോഡുകളിൽ വരുത്തിയിട്ടില്ലാത്തതിനാൽ നിലവിലെ ഭൂവുടമകളുടെ ആധാരവുമായോ മുൻ സർവേ റെക്കാഡുകളുമായോ വ്യത്യാസമുണ്ടാകാം. സർവേ ചെയ്തുകിട്ടുന്ന വിസ്തീർണവും യോജിക്കാനിടയില്ല.
അമിത ഉപയോഗവും കാലപ്പഴക്കവും മൂലം വില്ലേജ് റെക്കോഡുകൾക്ക് കേടുപാട് സംഭവിച്ച കേസുകളിൽ ലഭ്യമായ രേഖകളും മുൻകാല രസീതുകളും തണ്ടപ്പേർ രസീതും ആധാരമാക്കിയാണ് ചില വില്ലേജുകളിൽ റെലിസിൽ ഡിജിറ്റൽ റെക്കോഡുകൾ തയാറാക്കിയിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.