എല്ലാ ജില്ലകളിലും ഇനി സമ്പുഷ്ടീകരിച്ച റേഷനരി
text_fieldsതിരുവനന്തപുരം: എല്ലാ ജില്ലകളിലും ഏപ്രിൽ മുതൽ റേഷൻ കടകൾ വഴി ലഭിക്കുക സമ്പുഷ്ടീകരിച്ച അരി. ഇതുസംബന്ധിച്ച് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ഭക്ഷ്യവകുപ്പിന് കത്ത് നൽകി. തിരുവനന്തപുരത്ത് പല താലൂക്കുകളിലും പുഴുക്കലരിക്ക് പകരം സമ്പുഷ്ടീകരിച്ച അരി എത്തിയിട്ടുണ്ട്.
തലാസീമിയ രോഗികൾക്കും അയണിന്റെ അംശം കുറവുള്ളവർക്കും ഈ അരി വിതരണം ചെയ്യരുതെന്ന മുന്നറിയിപ്പോടെയാണ് ചാക്കുകൾ കടകളിലെത്തിയത്. വരുംമാസങ്ങളിൽ കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന കുത്തരിയും (സി.എം.ആർ) കാർഡുടമകൾക്ക് സമ്പുഷ്ടീകരിച്ച് നൽകണമെന്നാണ് കേന്ദ്ര നിർദേശം. രാജ്യത്തെ സ്ത്രീകളിലും കുട്ടികളിലും പൊതുവായി കാണപ്പെടുന്ന അനീമിയ രോഗത്തിന് പ്രധാനകാരണം ആഹാരത്തിലെ പോഷകക്കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇതു പരിഹരിക്കുന്നതിന് റേഷൻ കടകളിൽ സമ്പൂഷ്ടീകരിച്ച അരി വിതരണം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടമായി പോഷകാഹാരക്കുറവ് കണ്ടെത്തിയ വയനാട്ടിൽ ആറുമാസമായി സമ്പുഷ്ടീകരിച്ച പുഴുക്കലരിയാണ് എഫ്.സി.ഐ നൽകുന്നത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന സി.എം.ആർ (കുത്തരി) പോഷക സമ്പുഷ്ടമാണ്. അതിനാൽ സമ്പുഷ്ടീകരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം അഭ്യർഥിച്ചെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. കേരളത്തിൽ അരി സമ്പുഷ്ടീകരിക്കുന്നതിന് ഒരു ബ്ലൻഡിങ് യൂനിറ്റ് മാത്രമേയുള്ളൂ. കേന്ദ്രം കടുംപിടിത്തം തുടർന്നാൽ കൂടുതൽ ബ്ലൻഡിങ് യൂനിറ്റുകൾ ആരംഭിക്കേണ്ടി വരും.
തലാസീമിയ, സിക്കിൾ സെൽ അനീമിയ രോഗികൾക്ക് സമ്പുഷ്ടീകരിച്ച അരി ദോഷകരമാകുമെന്ന ആശങ്ക പഠിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായി കഴിഞ്ഞ ജനുവരിയിൽ സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ഇതുവരെയും സമിതി റിപ്പോർട്ട് നൽകിയിട്ടില്ല.
റിപ്പോർട്ട് ഉടൻ കൈമാറുമെന്നും വിദഗ്ധസമിതി ഒരുതവണ യോഗം ചേർന്നിരുന്നുവെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു പറഞ്ഞു. കുത്തരി സമ്പുഷ്ടീകരിക്കുമ്പോൾ മറ്റ് പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഇപ്പോൾ പറയാനാകിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് സമ്പുഷ്ടീകരിച്ച അരി ?
100 കിലോ അരിയിൽ ഒരു കിലോ ഫോർട്ടിഫൈഡ് റൈസ് കേർണൽസ് ചേർത്താണ് അരി സമ്പുഷ്ടീകരിക്കുന്നത്. അരിപ്പൊടിയിൽ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ- ബി 12 എന്നീ സൂക്ഷ്മ പോഷകങ്ങൾ ചേർത്ത് അരിമണി രൂപത്തിലാക്കുന്നതാണ് ഫോർട്ടിഫൈഡ് റൈസ് കേർണൽസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.