'കേരളം നിക്ഷേപ സൗഹൃദം, വ്യവസായങ്ങളുടെ സുസ്ഥിര നിലനിൽപ്പ് ഉറപ്പാക്കും'; മുഖ്യമന്ത്രിയുടെ ട്വീറ്റ്
text_fieldsകോഴിക്കോട്: കേരളം നിക്ഷേപ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വീറ്റിലൂടെയാണ് എൽ.ഡി.എഫ് സർക്കാറിന്‍റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേരളം രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ ഇടങ്ങളിൽ ഒന്നാണ്, അത് തുടരും. വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കുന്നു.
പദ്ധതിയിൽ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പിന്മാറുന്നുവെന്ന വാർത്തക്ക് പിന്നാലെ ഈ വിഷയത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി മുൻ അംഗവുമായ പ്രഫ. ഷമിക രവി ജൂൺ ഒന്നിന് ട്വീറ്റ് ചെയ്തിരുന്നു. 'കേരളത്തിൽ തൊഴിലില്ലായ്മ ദേശീയ നിരക്കിന്‍റെ ഇരട്ടിയായി തുടരുന്നത് എന്തു കൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, ഇത് മനസിലാക്കേണ്ട ഒരു പ്രധാന കേസ് സ്റ്റഡി ആയിരിക്കണം' എന്നാണ് ഷമിക ട്വീറ്റിൽ ചൂണ്ടിക്കാട്ടിയത്.
ഇതിന് മറുപടി ട്വീറ്റ് ചെയ്ത ആർ.പി.ജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക, തങ്ങൾ കേരളത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണെന്നും പ്രാദേശിക സർക്കാർ വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് മനസിലാക്കുന്നതായും വ്യക്തമാക്കി. ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദി അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, കേരളം നിക്ഷേപ സൗഹൃദമെന്ന് വ്യക്തമാക്കിയത്.
ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതികളിൽ നിന്ന് പിന്മാറുന്നതായി കിറ്റെക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ട്വീറ്റിന് വലിയ പ്രധാന്യമാണുള്ളത്. വ്യവസായങ്ങളോടുള്ള സർക്കാറിന്‍റെ നിലപാട് ദേശീയതലത്തിൽ എത്തിക്കുകയാണ് ട്വീറ്റിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാർ വോട്ടയാടുന്നെന്ന് ആരോപിച്ചാണ് 5,000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റെക്സ് എം.ഡി സാബു ജേക്കബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കിറ്റെക്സിന്റെ കിഴക്കമ്പലത്തെ കമ്പനിയിൽ ഒരു മാസത്തിനുള്ളിൽ 10 പരിശോധനകളാണ് നടന്നത്. കമ്പനിയെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കുന്നില്ലെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു.
സാബു ജേക്കബിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കിറ്റെക്സ് മാനേജ്മെന്‍റിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കുകയും ചെയ്തു. കൂടാതെ, വ്യവസായം തുടങ്ങാന്‍ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.