അയ്യപ്പൻമാർ അനുവദനീയ ദിവസത്തിലധികം ശബരിമലയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണം -കോടതി
text_fieldsകൊച്ചി: അയ്യപ്പൻമാർ അനുവദനീയമായ ദിവസത്തിലധികം ശബരിമലയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. ഡോണർ മുറിയിലും ആരും കൂടുതൽ ദിവസം താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പാലക്കാട് സ്വദേശി സുനിൽ കുമാർ (സുനിൽ സ്വാമി) മണ്ഡല കാലത്തും മാസ പൂജക്കും നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിന് മുന്നിൽ നിന്ന് എല്ലാ ദിവസവും തൊഴുകുകയും ചെയ്യുന്നുണ്ടെന്ന സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൻമേൽ സ്വമേധയ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഗോശാല സംരക്ഷണത്തിന്‍റെ ചെലവ് വഹിക്കുന്നു, ക്ഷേത്രത്തിലേക്കുള്ള പൂജ സാധനങ്ങൾ സംഭാവന ചെയ്യുന്നു എന്നിവയുടെ പേരിലാണ് സുനിൽ കുമാർ അവിടെ താമസിക്കുന്നതെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. താൻ സന്യാസ ജീവിത പാതയാണ് പിന്തുടരുന്നതെന്നും പ്രത്യേക ആനുകൂല്യം പറ്റുന്നില്ലെന്നും സുനിൽകുമാർ അറിയിച്ചിരുന്നു.
എന്നാൽ, എന്തിന്‍റെ പേരിലായാലും മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഡോണർ മുറികൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ടെന്ന വിവരം വെർച്വൽ ക്യു പ്ലാറ്റ് ഫോമിലും ദേവസ്വം വെബ് സൈറ്റിലും പ്രസിദ്ധീകരിക്കണമെന്ന നിർദേശവും കോടതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.