വൈദ്യുതി ലഭ്യത ഉറപ്പാക്കൽ: ‘ബെസ്’ന് മുൻഗണന നൽകാൻ കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വിവിധ പദ്ധതികൾ പരിഗണനയിലുണ്ടെങ്കിലും ‘ബാറ്ററി എനർജി സ്റ്റോറേജിന്’ (ബെസ്) മുൻഗണന നൽകാനൊരുങ്ങി കെ.എസ്.ഇ.ബി. പരിഗണനയിലുള്ള പമ്പ്ഡ് സ്റ്റോറജ് പദ്ധതി (പി.എസ്.പി) ഉൾപ്പെടെയുള്ളവ പൂർത്തിയാക്കാൻ അഞ്ചു വർഷമെങ്കിലും വേണ്ടിവരും. കേന്ദ്ര അനുമതികളടക്കം പല കടമ്പകളും വേറെ. ഈ സാഹചര്യത്തിൽ അടിയന്തര ആവശ്യമെന്നനിലയിൽ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തുന്നതാണ് പ്രായോഗികമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബിയും ഊർജ വകുപ്പും.
ഡാമുകളിൽനിന്ന് പുറന്തള്ളുന്ന വെള്ളം ശേഖരിച്ച് പീക്ക് സമയത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജുകൾ, പകൽ സമയത്തെ സൗരോർജം ശേഖരിച്ച് രാത്രിയും ഉപയോഗിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജുകൾ എന്നിവയുടെ പഠനങ്ങൾ നടന്നുവരുകയാണ്. ഇവയിൽ കൂടുതൽ പ്രധാന്യം ‘ബെസ്’ന് നൽകണമെന്നാണ് വിദഗ്ധാഭിപ്രായം. മൈലാട്ടി സബ് സ്റ്റേഷൻ -100 മെഗാവാട്ട്, ബ്രഹ്മപുരം -50 മെഗാവാട്ട്, പോത്തൻകോട്, അരീക്കോട്, നല്ലളം -40 മെഗാവാട്ട് വീതം എന്നിങ്ങനെയാണ് ‘ബെസ്’ സ്ഥാപിക്കുന്നത്. സോളാർ എനർജി കോർപറേഷനുമായി സഹകരിച്ചാണ് നടപടികൾ.
വരുംനാളുകളിൽ സൗരോർജ വൈദ്യുതോൽപാദനത്തിൽ വലിയ പുരോഗതി സംസ്ഥാനത്തുണ്ടാവുമെന്നാണ് കരുതുന്നത്. പ്രധാന വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പ്രാരംഭപഠനം അനർട്ട് നടത്തുന്നുണ്ട്. പകൽ സൗരോർജ വൈദ്യുതി സുലഭമാവുന്ന നിലയിലേക്ക് എത്തുകയും രാത്രിയിലേക്ക് ഇവ ശേഖരിക്കാനുമായാൽ ഊർജപ്രതിസന്ധിക്ക് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തൽ. ആറു വർഷംകൊണ്ട് പുരപ്പുറ സോളാർശേഷി 3000 മെഗാവാട്ട് ആകുമെന്ന് കണക്കാക്കുന്നു. ഇതിനു പുറമേ, 300 മെഗാവാട്ട് വൈദ്യുതി കാറ്റിൽനിന്ന് ഉൽപാദിപ്പിക്കൽ, അറബിക്കടലിൽ ‘ഓഫ് ഷോർ കാറ്റാടിപ്പാടങ്ങൾ’ സ്ഥാപിക്കൽ അടക്കമുള്ളവയുടെ സാധ്യത പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.