ഓഫിസുകൾ തേടി അലയേണ്ട; ‘എന്റെ ഭൂമി’ തുറക്കുന്നത് സേവനങ്ങളുടെ വിശാലഭൂമി
text_fieldsതിരുവനന്തപുരം: ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത ആവശ്യങ്ങൾക്കും സേവനങ്ങൾക്കുമായി ഒന്നിലധികം ഓഫിസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥക്ക് പരിഹാരമായി ‘എന്റെ ഭൂമി സംയോജിത പോർട്ടൽ’ പ്രാബല്യത്തിൽ. വില്ലേജ്, സർവേ, രജിസ്ട്രേഷൻ ഓഫിസുകളിൽ എന്നിവിടങ്ങളിൽനിന്ന് ഭൂമിയുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്ന സേവനങ്ങളാണ് https://entebhoomi.kerala.gov.in/പോർട്ടലിൽനിന്ന് ലഭ്യമാവുന്നത്.
എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം -ഐ.എൽ.ഐ.എം.എസ്) ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണ്. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന് സ്കെച്ച്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോ മ്യൂട്ടേഷന്, ലൊക്കേഷന്‍ സ്കെച്ച്, ഭൂമിയുടെ തരംമാറ്റല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഒറ്റ പോര്‍ട്ടല്‍ വഴി ലഭിക്കും.
ഭൂരേഖ വിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാൻഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖ പരിപാലനത്തെ സമഗ്രമായി മാറ്റുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
നിലവിൽ നടക്കുന്ന ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയാവുന്നതോടെയാവും ‘എന്റെ ഭൂമി എന്റെ ഭൂമി സംയോജിത പോർട്ടൽ’ പൂർണതലയിലേക്ക് എത്തുക. 2022 നവംബർ ഒന്നിന് റീസർവേ ജോലികൾ ആരംഭിച്ചെങ്കിലും പലകാരണങ്ങളാൽ മുന്നോട്ടുപോയില്ല. 2023ൽ എല്ലാ സംവിധാനങ്ങളോടും കൂടിയ സർവേ ആരംഭിച്ചു.
212 വില്ലേജുകളിലെ 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സർവേ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സർവേ പൂർത്തീകരിച്ച് കരട് പ്രസിദ്ധീകരിക്കുമ്പോൾ തന്നെ എന്റെ ഭൂമി പോർട്ടലിൽ അപ്ലോഡ് ചെയ്യപ്പെടുന്നു.
ഇതിൽ പരാതികളുണ്ടെങ്കിൽ അറിയിക്കാനുള്ള സംവിധാനവും പോർട്ടലിലുണ്ട്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകൾ സംയുക്തമായാണ് സംയോജിത പോർട്ടൽ സജ്ജമാക്കിയത്.
വിവിധ സർക്കാർ സേവനങ്ങൾക്കായി പുതിയ പോർട്ടൽ വരുന്നു
തിരുവനന്തപുരം: സർക്കാറിന്റെ വിവിധ സേവനങ്ങൾ ഒറ്റ പോർട്ടലിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ‘യൂനിഫൈഡ് സർവിസ് ഡെലിവറി പ്ലാറ്റ്ഫോം’ (യു.എസ്.ഡി.പി) ഐ.ടി മിഷനാണ് വികസിപ്പിക്കുക. സർക്കാർ തലത്തിലെ വിവിധ സേവനങ്ങൾക്കായി നിലവിൽ വിവിധ വകുപ്പുകൾ തയാറാക്കിയ വെബ്സൈറ്റുകളിൽ പ്രവേശിക്കേണ്ടതുണ്ട്. ഇതിന് പകരമാണ് ‘ആപ്ലിക്കേഷൻ ട്രാക്കിങ്’, വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം എന്നിവയടക്കം നൂതനമായ എല്ലാ സംവിധാനങ്ങളോടുംകൂടി സമ്പൂർണ പോർട്ടൽ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.