പ്രവേശന പരീക്ഷകളിൽ വിദ്യാർഥികളെ വട്ടംകറക്കി സർവകലാശാലകൾ
text_fieldsവൈത്തിരി: ഇന്ത്യയിലെ വിവിധ സർവകലാശാലകൾ ബിരുദാനന്തര കോഴ്‌സുകൾക്ക് ദൂരദിക്കുകളിൽ പ്രവേശന പരീക്ഷ സെന്‍ററുകളൊരുക്കിയത് കേരളത്തിലെ വിദ്യാർഥികൾക്ക് ദുരിതമാകുന്നു. വിദ്യാർഥികളുടെ താമസസ്ഥലത്തു നിന്നും ഏറെ ദൂരെ എന്ന് മാത്രമല്ല ഭൂരിഭാഗം പേർക്കും സെന്‍ററുകൾ കിട്ടിയത് ഇതര സംസ്ഥാനങ്ങളിലാണ്. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ സെന്‍ററുകൾ ലഭിച്ച പല വിദ്യാർഥികളും പരീക്ഷ ഉപേക്ഷിച്ചു. പലർക്കും പല സംസ്ഥാനങ്ങളിലായി അടുത്തടുത്ത ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ കോയമ്പത്തൂർ മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ സെന്‍റർ കിട്ടിയ മലയാളികളായ നിരവധി കുട്ടികൾ പരീക്ഷ എഴുതുന്നില്ലെന്നു വെച്ചു. പരീക്ഷയുടെ തലേദിവസമാണ് പലർക്കും സെന്‍ററുകളെ കുറിച്ചുള്ള മെസ്സേജുകൾ വരുന്നത്. കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് ഉയർന്ന പഠനത്തിനുള്ള അവസരം ഇല്ലാതാക്കാനുള്ള ഗൂഢ ലക്ഷ്യമാണ് ഇതിന്‍റെ പിന്നിലെന്ന് സംശയിക്കുന്നതായി ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവായ കൽപ്പറ്റ സ്വദേശി 'മാധ്യമ'ത്തോടു പറഞ്ഞു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ പരീക്ഷ 19നു ബാംഗളൂരിൽ നടക്കുന്നുണ്ട്.
തൊട്ടടുത്ത ദിവസം കുസാറ്റിന്‍റെ പരീക്ഷ കേരളത്തിലെ വിവിധ സെന്‍ററുകളിൽ. 23നും 24നും പരീക്ഷ നടക്കുന്നുണ്ട്. ഹൈദരബാദ് യൂണിവേഴ്സിറ്റിയുടെ പരീക്ഷകളും ഭിന്ന സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്. സെന്‍റർ എവിടെയെന്നുള്ള വിവരം ഇതുവരെ വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല.ഡൽഹി യൂണിവേഴ്സിറ്റിയുടെ ഒരു പ്രവേശന പരീക്ഷ ഇക്കഴിഞ്ഞ എട്ടിനും ഒമ്പതിനും ആറ്റിങ്ങലും കൊല്ലത്തും നടന്നു. കോവിഡ് കാലത്തു നടന്ന ഈ പരീക്ഷക്കെത്തിയ കാസർകോട് മുതൽ പാറശ്ശാല വരെയുള്ള വിദ്യാർഥികൾ യാത്രക്കും താമസത്തിനുമായി കഷ്ടപ്പെട്ടത് ചില്ലറയല്ല.ബാംഗ്ളൂരിലും മറ്റും പോകേണ്ടുന്ന വിദ്യാർഥികൾക്ക് ഇതിനെക്കാളും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കാൻ പോകുന്നത് .
കർണാടകയിൽ പോയി പരീക്ഷയെഴുതി തൊട്ടടുത്ത ദിവസം കേരളത്തിലെ പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ ഒരു കാരണവശാലും അതിർത്തിയിൽ തടയുകയില്ലെന്നു വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.