പ്രകൃതിദുരന്തം ഒഴിവാക്കാൻ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഒാഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയം തേടി.
ഹരജിയിൽ കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും വിഷയം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷിയാക്കി. ഇവർക്കെല്ലാം നോട്ടീസ് അയക്കാനും നിർദേശിച്ചു. വികസന പദ്ധതികൾ നടപ്പാക്കുംമുമ്പ് ഏത് തരത്തിലാണ് പ്രകൃതിയെ ബാധിക്കുക എന്നതടക്കം കാര്യങ്ങൾ സമഗ്രമായി പഠിക്കേണ്ടതുണ്ട്. നിലവിൽ സർക്കാർ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ട് ജില്ലകൾ ഒഴികെ മറ്റുള്ളവയെല്ലാം മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. പൊതുവായി പറയുന്നതിനപ്പുറം ഇക്കാര്യത്തിൽ വിശദ പഠനവും ജിയോ മാപ്പിങ്ങും വേണമെന്ന് കോടതി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാവുന്നതും അനുവദിക്കാനാകാത്തതുമായ മേഖല ഏതെന്ന് വ്യക്തമായി തിരിക്കാനാകാണം. ഇക്കാര്യത്തിലൊക്കെ സമഗ്ര റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോടും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.