മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല വിജ്ഞാപനം: യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്
text_fieldsകല്‍പറ്റ: മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റിനും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം ^പരിസ്ഥിതി മന്ത്രാലയത്തിെൻറ കരട് വിജ്ഞാപനത്തിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്. കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഈമാസം 26ന് മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ലോങ് മാർച്ച് നടത്തും.
ഒക്ടോബർ ഒന്നിന് അടിവാരത്ത് 24 മണിക്കൂർ രാപ്പകൽ സമരവും സംഘടിപ്പിക്കും. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. യു.ഡി.എഫ് നേതൃത്വത്തില്‍ രൂപവത്കരിച്ച കര്‍ഷക ജനസംരക്ഷണ സമിതി നേതൃത്വത്തിലാണ് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര രംഗത്തേക്കിറങ്ങുന്നത്.
മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്‍വലിക്കുക, പരിസ്ഥിതി ലോല മേഖല വനത്തിനുള്ളില്‍ മാത്രമായി ഒതുക്കിനിര്‍ത്തുക, വാസസ്ഥലങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതി ലോലമേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ യു.ഡി.എഫ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചെമ്പനോട, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കെടവൂര്‍, കട്ടിപ്പാറ വയനാട് ജില്ലയിലെ തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക തുടങ്ങിയ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതാണ് കരട് വിജ്ഞാപനം.
സംസ്ഥാന സര്‍ക്കാർ ശിപാര്‍ശയോടെയുള്ള കരട് വിജ്ഞാപനം നടപടിക്രമങ്ങളും നിയമവശങ്ങളും പാലിക്കാതെയും പരിഗണിക്കാതെയുമാണ് ഇറക്കിയിരിക്കുന്നതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറും സമിതി ചെയർമാനുമായി അഡ്വ. ടി. സിദ്ദിഖ് ചൂണ്ടിക്കാട്ടി. ജനങ്ങളെ ആശങ്കയിലാക്കി ഇത്തരത്തില്‍ കരട് വിജ്ഞാപനം ഇറക്കിയതില്‍ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാറും രണ്ടാംപ്രതി കേന്ദ്രസര്‍ക്കാറുമാണ്.
പരിസ്ഥിതി ലോലമേഖലകളില്‍ ഒരു കിലോമീറ്റര്‍ ദൂരം വരെ നിര്‍മാണ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇതുമൂലം സാധാരണക്കാരന് ജീവിതം വഴിമുട്ടുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വയനാട് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ട്രഷറര്‍ കെ.കെ. അഹമ്മദ് ഹാജി, രക്ഷാധികാരി കെ.സി. റോസക്കുട്ടി ടീച്ചര്‍, പി.പി. ആലി എന്നിവരും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.