പരിസ്ഥിതി സംവേദക മേഖല; ഭേദഗതി ഹരജിയുമായി കേരളം
text_fieldsതിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ഭേദഗതി ഹരജി ഫയല്‍ ചെയ്യാനും വിശദ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമനിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിതവനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനവാസമേഖലയെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.
ജനവാസമേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരേത്ത കേന്ദ്ര സര്‍ക്കാറിന് സംസ്ഥാന സർക്കാർ സമര്‍പ്പിച്ച വിജ്ഞാപന നിർദേശം ഒരാഴ്ചക്കകം കേന്ദ്ര എംപവേഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പരിസ്ഥിതി സംവേദക മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മാണപ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിന് പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.
കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാറിനെയും കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിൽ.
യോഗത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.