സാമൂഹിക വിരുദ്ധർ നശിപ്പിക്കാൻ ശ്രമിച്ച മരത്തിന് പ്രകൃതി ചികിത്സ നൽകി
text_fieldsകൊട്ടാരക്കര: സാമൂഹിക വിരുദ്ധർ നശിപ്പിക്കാൻ ശ്രമിച്ച മാവിന് പ്രകൃതി ചികിത്സ നൽകി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. കൊട്ടാരക്കര പോസ്റ്റ് ഓഫീസ് ജങ്ഷന് സമീത്തെ തണൽ മരമാണ് സാമൂഹിക വിരുദ്ധർ അറുക്ക വാൾ ഉപയോഗിച്ച് വെട്ടുകയും ശിഖരങ്ങൾ നശിപ്പിക്കുകയും ചെയ്തത്. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ നഗരസഭയും പരിസ്ഥിതി പ്രവർത്തകരും മരത്തിന് സംരക്ഷണവുമായി രംഗത്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തെ ട്രീ വാക്ക് സംഘടനയാണ് മരത്തിന് പ്രകൃതി ചികിത്സ നൽകിയത്. 14 ഇനം പ്രകൃതി കൂട്ടുകൾ ചേർത്ത് ഒരു മണിക്കുറോളം സമയം എടുത്തായിരുന്നു ഇത്. ഉഴുന്ന് പൊടി, രാമച്ചം, എള്ളിൻ പൊടി തുടങ്ങി പലയിനം ചേരുവകൾ പാലിൽ കുഴച്ച് മരത്തിന് വെട്ട് കൊണ്ട ഭാഗത്തും ആകെയും തേക്കുകയായിരുന്നു. ശേഷം തുണി ഉപയോഗിച്ച് തടി കെട്ടി മുറുക്കുകയും ചെയ്തു.
മരം മുറിക്കാൻ ശ്രമിച്ചവർക്കെതിരെ പരിസ്ഥിതി പ്രവർത്തകർ കൊട്ടാരക്കര വില്ലേജ് ഓഫീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെ മരം നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് തൈകൾ നട്ടും കവിത ചൊല്ലിയും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.