വീണു, ഇ.പിയെന്ന വന്മരം
text_fieldsകണ്ണൂർ: പിണറായി-കോടിയേരി-ഇ.പി. ജയരാജൻ ത്രയമായിരുന്നു ഈയടുത്ത കാലം വരെ സി.പി.എമ്മിലെ കണ്ണൂർ ലോബി. വി.എസ് അച്യുതാനന്ദൻ-പിണറായി വിജയൻ വിഭാഗീയത കത്തിനിന്ന നാളുകളിൽ മൂവർസംഘത്തിന്റെ നീക്കംകൂടിയാണ് ഫലം കണ്ടിരുന്നത്. എന്നും ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്നയാൾ. പിണറായിയുടെ നിഴലായി നിലകൊണ്ടതിൽ എന്നും മുൻനിരയിലായിരുന്നു ഇ.പി. ജയരാജന്റെ സ്ഥാനം.
കണ്ണൂരിലെ ജയരാജൻമാരിലും ഇ.പി തന്നെയാണ് എന്നും കരുത്തൻ. പാർട്ടിയെയും മുന്നണിയെയും അടിക്കടി പ്രതിസന്ധിയിലാക്കിയ കരുത്തൻ വീഴുമ്പോൾ കണ്ണൂർ ലോബിയിലും അനിവാര്യമായ മാറ്റമാണ് ഇനിയുണ്ടാവുക. മുൻപിൻ നോക്കാതെയുള്ള പ്രവർത്തനങ്ങളിൽ പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയപ്പോഴും പിണറായിയുടെ തണലിൽ ഇദ്ദേഹം പിടിച്ചുനിന്നു.
എന്നാൽ, ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച പാർട്ടിക്ക് പൊറുക്കാനാവാത്ത പാതകമായി. ന്യായീകരിക്കാനും ആരുമില്ലാതായി.പാർട്ടി പ്രതിസന്ധിയിലായ വേളകളിൽ ഇ.പി ജയരാജൻ പിണറായിക്കൊപ്പം ഉറച്ചു നിന്നതാണ് ചരിത്രം. ബദൽ രേഖ അവതരിപ്പിച്ച് എം.വി. രാഘവൻ പാർട്ടിയിൽനിന്ന് പുറത്തുപോയ വേളയിൽ കണ്ണൂരിൽ പാർട്ടിയെ ഉലയാതെ പിടിച്ചുനിർത്തിയതിൽ ഇ.പിയുടെ പങ്ക് വലുതാണ്.
തുടർന്ന് എം.വി.ആർ അഴീക്കോട് മത്സരിച്ചപ്പോൾ എതിരാളിയായി ഇ.പിയെ നിർത്താൻ പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നേരിയ വോട്ടുകൾക്ക് അന്ന് എം.വി.ആർ വിജയിച്ചു. വിഭാഗീയത കത്തിനിന്ന മലപ്പുറം സമ്മേളനത്തിലും പിണറായി പക്ഷത്തിന്റെ മേൽക്കോയ്മയിൽ ഇ.പിയുടെ റോൾ നിർണായകമായിരുന്നു. സൗന്ദര്യപ്പിണക്കം ഇ.പിയുടെ കൂടപ്പിറപ്പാണ്. കണ്ണൂർ ജില്ല സെക്രട്ടറി ആയിരുന്ന വേളയിൽ ജില്ല കമ്മിറ്റി അറിയാതെ തലശ്ശേരിയിൽ ഇ. നാരായണനെ മുൻനിർത്തി പിണറായി, സഹകരണ മേഖലയിൽ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന പരാതിയുയർന്നു. അതിനെചൊല്ലിയുള്ള പിണറായിയുമായുള്ള സൗന്ദര്യപ്പിണക്കം അന്ന് വലിയ ചർച്ചയായിരുന്നു. വലിയ ഉത്തരവാദിത്തമേൽപിക്കുമ്പോൾ വെറുതെ നിർജീവമായിരിക്കലും ഇ.പിയുടെ ഒരു ശൈലിയാണ്.
പഞ്ചാബ് ലുധിയാനയിൽ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച് ആദ്യ ദേശീയ പ്രസിഡന്റായി കുറച്ചുകാലം കഴിഞ്ഞ് ഇ.പി നിർജീവമായി. പിന്നീട് വീണ്ടും സജീവമായി. മികച്ച സംഘാടകൻ, പോരാളി എന്ന റോളാണ് ഇ.പിക്ക് പാർട്ടിയിൽ എന്നും ലഭിച്ചത്. ഒറ്റ ഫോൺ കാളിൽ പാർട്ടിക്ക് എത്ര രൂപ വേണമെങ്കിലും സംഘടിപ്പിക്കാൻ കഴിവുള്ളയാൾ.
ഇദ്ദേഹം കണ്ണൂർ ജില്ല സെക്രട്ടറിയായ വേളയിലാണ് കടുത്ത എതിർപ്പിലും വിസ്മയ അമ്യൂസ്മെൻറ് പാർക്ക് സ്ഥാപിച്ചത്. നാൽപാടി വാസു വധക്കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് നടന്ന ഡി.ഐ.ജി ഓഫിസ് മാർച്ചിൽ ദേഹമാസകലം പൊലീസ് മർദനമേറ്റത് പോരാട്ടത്തിന്റെ ഒരു ഉദാഹരണം.
കോടിയേരിയുടെ മരണവും തുടർന്ന് എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയും ആയപ്പോഴാണ് സൗന്ദര്യപ്പിണക്കമെന്ന കളി കാര്യമായത്. മാറിനിൽക്കലും നിസ്സഹകരണവും വഴിവിട്ട വാക്കും പ്രവൃത്തിയുമൊന്നും പൊറുക്കാൻ കഴിയാതെ വന്നപ്പോൾ നിഴലായി നിന്ന പിണറായിയും കൈവിട്ടു. ഒരിക്കലും ആഗ്രഹിക്കാത്ത മുന്നണി കൺവീനർ പദവിയും ഇ.പിയിൽ നിന്നെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.