17 വർഷത്തിനിടയിലെ പ്രഹരമേറിയ നടപടി
text_fieldsതിരുവനന്തപുരം: പിണറായി വിജയന്റെ സംരക്ഷണ വലയത്തിൽനിന്ന് പുറത്താവുകയും ഒടുവിൽ നടപടിയിലേക്കെത്തുകയും ചെയ്തതോടെ ഇ.പി. ജയരാജൻ ഒറ്റപ്പെടുക മാത്രമല്ല ‘കണ്ണൂർ കമ്യൂണിസ‘ത്തിന് കരുത്തുപകർന്ന നേതാവ് പാർട്ടിയിൽ തന്നെ അപ്രസക്തനാകുക കൂടിയാണ്. വിഭാഗീയതയുടെ പേരിൽ വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും പോളിറ്റ് ബ്യൂറോയിൽനിന്ന് സസ്പെൻഡ് ചെയ്തത് 2007 മേയ് 26നാണ്. ലാവലിന്‍ കേസില്‍ ഇരുവരും പരസ്യമായി വാക്ക്പോര് നടത്തിയതിനായിരുന്നു നടപടി. ഇതിനുശേഷമുള്ള 17 വർഷത്തെ പാർട്ടി നാൾവഴികളിൽ ഏറ്റവും വലിയ നീക്കമാണ് ഇ.പി. ജയരാജന്റെ സ്ഥാനമാറ്റം. ശാസന, പരസ്യശാസന, തരംതാഴ്ത്തല്‍, സസ്പെന്ഷന്, അംഗത്വത്തില്‍നിന്ന് പുറത്താക്കല്‍ എന്നിങ്ങനെയാണ് സി.പി.എമ്മിലെ അച്ചടക്കനടപടിയുടെ തുടർക്രമം. സാങ്കേതികമായി ഇതിലൊന്നുമുൾപ്പെടുന്നില്ലെങ്കിലും ഫലത്തിൽ ഇതെല്ലാം ചേരുന്നതായി ഈ നടപടി.
സി.പി.എമ്മിന്റെ എല്ലാമായിരിക്കുമ്പോഴും പാർട്ടിയുടെ കാർക്കശ്യലൈനിലും മൂല്യബോധങ്ങളിലും വാർത്തെടുത്തുവെന്ന് 100 ശതമാനവും ഉറപ്പിക്കാനാകും വിധമായിരുന്നില്ല പ്രവർത്തനങ്ങൾ. യന്ത്രക്കല്ലുകള്‍ക്കെതിരെ സി.പി.എം പ്രക്ഷോഭം നടത്തുമ്പോൾ അതേ യന്ത്രക്കല്ല് കൊണ്ട് വീട് നിർമിച്ചതുമുതൽ തുടങ്ങുന്ന വിവാദപരമ്പരകൾ ഇക്കാര്യം അടിവരയിടുന്നു.
ഇ.പി. ജയരാജന് കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്ന കാലത്ത് സംഘര്‍ഷഭരിതമായിരുന്നു കണ്ണൂര്‍. ആർ.എസ്.എസ് ആക്രമണങ്ങൾക്ക് മുന്നിൽ പതറാതെ പാർട്ടിയെ മുന്നോട്ട് ചലിപ്പിച്ചു. സി.പി.എമ്മിൽ കോളിളക്കം തീർത്ത വി.എസ്-പിണറായി ആശയപോരാട്ട കാലത്ത് കണ്ണൂർ പാർട്ടിയിലെ നേതാക്കൾക്കൊപ്പം പിണറായി ചേരിയിലായി. യന്ത്രക്കല്ല് വിവാദത്തിൽ സംരക്ഷണം തീർത്ത സാക്ഷാൽ വി.എസിനെയും ഇ.പി മറന്നു. വി.എസിനെതിരെ ഒളിയമ്പുകളുമായി പിണറായിക്ക് പിന്നിൽ അണിനിരന്നായിരുന്നു പോരാട്ടം.
പാർട്ടിയിൽ പിണറായി പിടിമുറുക്കിയതോടെ ഇ.പിയുടെ പ്രാമുഖ്യവും വർധിച്ചു. പാർട്ടി മുഖപത്രത്തിന്റെ ജനറൽ മാനേജർ ആയായിരുന്നു പിന്നീടുള്ള നിയോഗം. സാന്റിയാഗോ മാർട്ടിൻ വിവാദം ഇക്കാലത്താണ്. ആശയരാഷ്ട്രീയത്തിനപ്പുറം കമ്യൂണിസ്റ്റ് അതിർവരമ്പുകൾ പോലും മറികടക്കുന്ന പ്രായോഗിക രാഷ്ട്രീയമാണ് ഇ.പി പിന്തുടർന്നിരുന്നത്.
‘കട്ടൻ ചായയും പരിപ്പുവടയും’ പുതിയ കാലത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പലവട്ടം ആവർത്തിച്ചു. പാർട്ടിയിലെ ദുഷ്പ്രവണതകൾക്കെതിരെ തിരുത്തലും കാർക്കശ്യവും പ്രഖ്യാപിക്കുന്നതിന് പാലക്കാട് സി.പി.എം പ്ലീനം ചേരവെ വിവാദ വ്യവസായിയുടെ ആശംസ പാർട്ടി പത്രത്തിൽ പരസ്യമായി വന്നതും ചർച്ചയായി. മുഖപത്രത്തിന്റെ ജനറൽ മാനേജർ അപ്പോഴും ഇ.പി തന്നെ. വിവാദം കത്തിയപ്പോഴും ജയരാജന് തന്റേതായ നിലപാടും വിശദീകരണവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.