കമ്യൂണിസ്റ്റുകാരന്റെ സൂക്ഷ്മതയില്ലാത്ത നേതാവ്
text_fieldsകണ്ണൂർ: ഇ.പി. ജയരാജൻ അവസാന രാഷ്ട്രീയ ഇന്നിങ്സിൽ സമുന്നത പദവിയിൽനിന്ന് പുറത്താക്കപ്പെട്ട് പാർട്ടിയുമായി അകലുമ്പോൾ രാഷ്ട്രീയ ജീവിതത്തിലെ വൈരുധ്യത്തിന്റെ അനിവാര്യതയാകുകയാണത്. സി.പി.എമ്മിൽ കരുത്തനായി തുടരുമ്പോഴും കമ്യൂണിസ്റ്റ് ശൈലിയും കണിശതയും പാലിക്കുന്നതിൽ ഇ.പി. ജയരാജൻ പലപ്പോഴും പരാജയപ്പെട്ടതിന്റെ പൂർണവിരാമമാണ് ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തുനിന്നുള്ള പുറത്താവൽ.
ബിസിനസിലും സാമ്പത്തിക ഇടപാടുകളിലും പരിസ്ഥിതി വിഷയങ്ങളിലും എന്തിന് സൗഹൃദങ്ങളിൽ പോലും കമ്യൂണിസ്റ്റുകാരന്റെ സൂക്ഷ്മത അദ്ദേഹത്തിന് സൂക്ഷിക്കാനായില്ല. വിവാദ ദല്ലാൾ നന്ദകുമാറിനെ പോലെയുള്ളവരുമായുള്ള ബന്ധം, പാപ്പിനിശ്ശേരിയിൽ പരിസ്ഥിതിയെ നശിപ്പിച്ച് നിർമിച്ച കണ്ടൽപാർക്ക്, വ്യവസായ മന്ത്രിയായിരിക്കെ ബന്ധുനിയമനം, സാമ്പത്തിക ആരോപണത്തിന് കാരണമായ ‘വൈദേകം’ റിസോർട്ട് തുടങ്ങി ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചവരെ നീണ്ടുനിൽക്കുകയാണ് ജയരാജന്റെ സൂക്ഷ്മതക്കുറവ്.
വൈരുധ്യങ്ങൾക്കിടയിലും ഇ.പിക്ക് പാർട്ടിയിൽ സ്ഥാനം നിലനിർത്താനായത് സി.പി.എമ്മിന്റെ അധികാര കേന്ദ്രമായ കണ്ണൂർ ലോബിയോട് ചേർന്നുനിന്നതിനാലാണ്. ഇ.കെ. നായനാർ മുതൽ പിണറായി വിജയൻ വരെയുള്ള അധികാര ലോബിയുടെ പോരാളി ഇ.പി. ജയരാജനായിരുന്നു. സി.ഐ.ടി.യു ലോബിയെ നേരിടാൻ നായനാർക്കൊപ്പവും വി.എസ്. അച്യുതാനന്ദനുമായുള്ള പോരിൽ പിണറായിക്കൊപ്പവും സർവസൈന്യാധിപനായി ഉറച്ചുനിന്നു. ലാവ്ലിൻ കേസ് ഒതുക്കിത്തീർക്കുന്നതിലടക്കം ഇടപെട്ട് പിണറായിയുടെ വിശ്വസ്തനായി.
പാർട്ടിയിൽ ആദ്യ മൂന്നു പേരുകളിൽ പലപ്പോഴും കരുത്തനായി നിലനിന്നു. ഒന്നിനുപിറകെ മറ്റൊന്നായി വിവിധ വിഷയങ്ങളിൽ സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിസന്ധിയിലാക്കിയതോടെ പിണറായിയും പാർട്ടിയും ജയരാജന് വേഗപ്പൂട്ടിട്ടു. നേതാക്കൾക്ക് അപ്രിയനായപ്പോഴും അണികൾക്ക് ഇ.പി. ജനകീയനായിരുന്നു. തുർച്ചയായ വിവാദങ്ങളിൽ അധികാര കേന്ദ്രവുമായുള്ള ഇഴയടുപ്പം മുറിഞ്ഞുപോയതോടെയാണ് സ്ഥാനമാനങ്ങളുടെ കുപ്പായം അഴിച്ചുവെച്ച് ഇ.പി പുറത്തേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.