വക്കീലിന്റെ പാർട്ടി നോക്കിയല്ല ആളുകൾ കേസ് ഏല്പിക്കുക, എന്തിനാണ് ഈ ബഹളം? -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ സി.പി.എമ്മുകാർക്കുവേണ്ടി മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരൻ ഹാജരാകുന്നതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരു കക്ഷി താൻ ചെല്ലുന്ന വക്കീലിന്റെ പാർട്ടിയോ മറ്റ് കാര്യങ്ങളോ നോക്കിയിട്ടല്ല കേസുകൾ ഏല്പിക്കാറെന്നും രാഷ്ട്രീയത്തിന്റെ പേരിൽ എല്ലാം നിഷേധിച്ചാൽ അത് നീതിന്യായ വ്യവസ്ഥയോടുള്ള അപമാനമായിട്ടാണ് വക്കീലൻമാർ കണക്കാക്കുകയെന്നും ജയരാജൻ പറഞ്ഞു.
'കോൺഗ്രസ് നേതാവ് കപിൽ സിബലിനെയും ബി.ജെ.പി നേതാവ് അഡ്വ. ശ്രീധരൻ പിള്ളയെയും അവരുടെ രാഷ്ട്രീയം പരിഗണിക്കാതെയാണ് പലരും കേസ് ഏൽപിക്കുന്നത്. സി.കെ. ശ്രീധരൻ. അദ്ദേഹം കോൺഗ്രസ് വിട്ടു. അതെല്ലാം കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് കാണിച്ച അവഗണനയിലെല്ലാം മനം നൊന്ത് അദ്ദേഹം എടുത്ത നിലപാടാണ്. കോൺഗ്രസ് വിട്ട അദ്ദേഹം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ട് വന്നു. ഇതെല്ലാം സ്വാഭാവികമായ സംഭവമായിട്ടാണ് കാര്യങ്ങൾ എല്ലാം നിരീക്ഷിക്കുന്ന ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുക. അങ്ങനെ സി.കെ. ശ്രീധരനെ സിപിഐഎമ്മിന്റെ പ്രവർത്തകന്മാരുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു കേസിൽ, തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ, കോടതികളിൽ നിയമജ്ഞനെ വെച്ച് വാദിക്കാനാണ് വക്കീലായ സി.കെ. ശ്രീധരന് വക്കാലത്ത് കൊടുക്കുന്നത്. അതിന് എന്തിനാണ് ഈ ബഹളം? തെറ്റ് ചെയ്യാതെ പ്രതികളാക്കപ്പെട്ടവരെ ശിക്ഷിക്കണം എന്ന താല്പര്യത്തിന്റെ പുറത്താണ് കോൺഗ്രസ് ബഹളം വെക്കുന്നത്' -ഇ.പി. ജയരാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇ.പി. ജയരാജൻ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:
കോടതികളിൽ വ്യത്യസ്ത രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരും നേതാക്കളും എല്ലാം വക്കീലന്മാരായി പ്രാക്ടീസ് ചെയ്യാറുണ്ട്. സബ്കോടതികളിലും മുൻസിഫ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി തുടങ്ങി എല്ലായിടത്തും വക്കീലന്മാരായി രാഷ്ട്രീയക്കാരേയും സാമൂഹിക പ്രവർത്തകരേയും, മറ്റു മേഖലകളിൽ ഉള്ളവരേയും എല്ലാം കാണാം. അതുപോലെ തന്നെ വക്കീൽ രംഗത്ത് മാത്രമായി ശോഭിക്കുന്ന ഒട്ടനവധി ആളുകളേയും കാണാം.
ഈ വക്കീലന്മാരെല്ലാം അവരുടെ നിയമ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ മുന്നിലെത്തുന്ന കക്ഷികളുടെ വിഷയങ്ങളിൽ കേസുമായി കോടതികളിൽ എത്തുന്നത്. ഒരു കക്ഷി താൻ ചെല്ലുന്ന വക്കീലിന്റെ പാർട്ടിയോ മറ്റ് കാര്യങ്ങളോ നോക്കിയിട്ടല്ല കേസുകൾ ഏല്പിക്കാറ്. രാഷ്ട്രീയമായി വന്നു ചേർന്നിട്ടുള്ള കേസുകളിൽ ചിലപ്പോൾ പാർട്ടി അടിസ്ഥാനത്തിൽ ചില വക്കീലന്മാർ വക്കാലത്ത് കൊടുക്കാറുണ്ട്. അതൊരു യാഥാർത്യമാണ്. അവരും നിയമജ്ഞരാണ്.
പെരിയ കേസുമായി ബന്ധപ്പെട്ട് കുറ്റം ആരോപിക്കപ്പെവരുടെ ബന്ധുക്കൾ അവർ നിരപരാധികളാണ് എന്ന യാഥാർത്ഥ്യം വെച്ചുകൊണ്ട് ഈ കേസിൽ കുറ്റവാളികളല്ല എന്ന് നല്ലപോലെ മനസ്സിലാക്കി, നിയമ രംഗത്ത് പ്രഗൽഭരായ ആളുകളെ കേസ് ഏല്പിക്കും.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയമജ്ഞർ സുപ്രീം കോടതി മുതൽ കീഴ്ക്കോടതികളിൽ എല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. അന്തരിച്ച എം.കെ ദാമോദരൻ ഹൈകോടതിയിലും മറ്റും, കുഞ്ഞനന്തൻ നായർ തലശ്ശേരി കോടതിയിലുമെല്ലാം കേസുകൾ നടത്തിയ പ്രഗത്ഭരായിരുന്നു. കുഞ്ഞനന്തൻ നായർ സഖാവ് ഇം.എം.എസിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വരെ പ്രവർത്തിച്ച ആളാണ്. അദ്ദേഹം ഒരു ഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പോലും ആയിരുന്നു.
അതുപോലെ ഒരോ കോടതികളിൽ നോക്കിയാലും വിവിധ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരേയും പ്രവർത്തിച്ചവരേയും എല്ലാം കാണാൻ കഴിയും. വർക്കല രാധാകൃഷ്ണൻ തിരുവനന്തപുരം കോടതിയിൽ അഭിഭാഷകൻ ആയിരുന്നു. അവരെയെല്ലാം പലപാർട്ടിയിൽ പെട്ടവരും കേസുകൾ ഏല്പിക്കാറുണ്ട്. ഇതെല്ലാം കേരളത്തിൽ സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അവർ നിയമജ്ഞർ എന്ന നിലയിലാണ് കേസുകളിൽ ഹാജരാകുന്നത്.
ഒരു കേസുമായി കോടതിയിലെത്തി അതുമായി ഒരു നിയമജ്ഞനെ കാണുമ്പോൾ ആ നിയമജ്ഞന് അത് നിഷേധിക്കാനാകുന്ന ഒന്നല്ല. രാഷ്ട്രീയത്തിന്റെ പേരിൽ എല്ലാം നിഷേധിച്ചാൽ അത് നീതിന്യായ വ്യവസ്ഥയോടുള്ള ഒരു അപമാനമായിട്ടാണ് അവർ കണക്കാക്കുക. അതുകൊണ്ട് തന്നെ മിക്കവരും കേസുമായി വരുന്നവരുടെ വക്കാലത്ത് എടുക്കും. അത് സ്വാഭാവികമായ നിലപാട് മാത്രമാണ്. ഇന്ത്യയിൽ സുപ്രീം കോടതിയിൽ പ്രഗൽഭനായ വക്കീലാണ് കപിൽസിബൽ. അദ്ദേഹം കോൺഗ്രസിന്റെ ദേശീയ രംഗത്തെ പ്രമുഖ നേതാവാണ്. അദ്ദേഹത്തെ ആരെല്ലാം കേസ് ഏല്പിക്കുന്നു. എല്ലാ രാഷ്ട്രീയത്തിൽ പെട്ടവരും കേസ് ഏല്പിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ നിയമ ജ്ഞാനം വെച്ചുകൊണ്ടാണ്.
സുപ്രീം കോടതിയിൽ തന്നെ ബിജെപി അനുഭാവികളായ വക്കീലന്മാരെ ആരെല്ലാം കേസുകൾ ഏല്പിക്കുന്നുണ്ട്. ശ്രീധരൻ പിള്ള ബിജെപി നേതാവും ഗോവയിലെ ഗവർണ്ണറുമാണ്. അദ്ദേഹത്തെ ആരെല്ലാം ഏതെല്ലാം കേസുകൾ ഏല്പിച്ചിരുന്നു. ഇതെല്ലാം സ്വാഭാവികമാണ്.
ഇവിടെ കാഞ്ഞങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസിന്റെ രാഷ്ട്രീയത്തിൽ എല്ലാം നിറഞ്ഞ് നിന്നിരുന്ന ആളാണ് സി.കെ. ശ്രീധരൻ. അദ്ദേഹം കോൺഗ്രസ് വിട്ടു. അതെല്ലാം കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് കാണിച്ച അവഗണനയിലെല്ലാം മനം നൊന്ത് അദ്ദേഹം എടുത്ത നിലപാടാണ്. കോൺഗ്രസ് ശരിയായ നിലപാടിലല്ല സഞ്ചരിക്കുന്നത് എന്ന് മനസ്സിലാക്കിയ ശ്രീധരൻ അതെല്ലാം നേതൃത്വത്തോട് പറഞ്ഞാണ് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നത്. ഇന്നത്തെ സ്ഥിതിയിൽ കോൺഗ്രസ് ദുർബലപ്പെട്ട് വരികയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കോൺഗ്രസ് വിട്ട അദ്ദേഹം സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ട് വന്നു. ഇതെല്ലാം സ്വാഭാവികമായ സംഭവമായിട്ടാണ് കാര്യങ്ങൾ എല്ലാം നിരീക്ഷിക്കുന്ന ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുക.
അങ്ങനെ സി.കെ. ശ്രീധരനെ സിപിഐഎമ്മിന്റെ പ്രവർത്തകന്മാരുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു കേസിൽ, തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ, കോടതികളിൽ നിയമജ്ഞനെ വെച്ച് വാദിക്കാനാണ് വക്കീലായ സി.കെ. ശ്രീധരന് വക്കാലത്ത് കൊടുക്കുന്നത്. അതിന് എന്തിനാണ് ഈ ബഹളം.
ഈ ബഹളത്തിന്റെ അടിസ്ഥാനം കോൺഗ്രസിന്റെ രാഷ്ട്രീയ സങ്കുചിത താല്പര്യങ്ങളാണ്. ഈ തെറ്റ് ചെയ്യാത്ത പ്രതികളാക്കപ്പെട്ടവരെ ശിക്ഷിക്കണം എന്ന താല്പര്യത്തിന്റെ പുറത്താണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നീതി ലഭ്യമാക്കാൻ ഒരു അഭിഭാഷകൻ വക്കാലത്തെടുത്താൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് കോടതിയെയും നിയമ സംഹിതയേയും ആക്ഷേപിക്കുന്നതിന് സമമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള നടപടികളിൽ നിന്ന് കോൺഗ്രസ് പിന്തിരിയണം. കാര്യങ്ങളെ വസ്തുതാപരമായി പരിശോധിക്കണം.
ഈ രീതിയിലാണെങ്കിൽ ആദ്യം കോൺഗ്രസ് നേതാക്കളോടും കപിൽ സിബലിനോടും ഒക്കെയാണ് ഇതെല്ലാം പറയേണ്ടത്. ഇവിടെ തന്നെ കോൺഗ്രസിന്റെ സജീവമായ വക്കീലന്മാർ ആരെയെല്ലാം കേസുകൾ എടുക്കുന്നുണ്ട്. അതൊരു സ്വാഭാവികമായ പ്രക്രിയ ആണെന്ന് മനസ്സിലാക്കാൻ കഴിയാതെ ഒരു സംരക്ഷിത വലയത്തിനകത്ത് നിന്ന് കടുത്ത ഇടതുപക്ഷവിരുദ്ധ ചിന്തകളുണ്ടെന്ന് കരുതി എന്തും പറയാമെന്നും കാണിക്കാമെന്നുമുള്ള നിലപാടാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. അപക്വമായ ഒരു നിരീക്ഷണമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഉപേക്ഷിക്കണമെന്നാണ് കോൺഗ്രസിനോട് എനിക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.