യു.ഡി.എഫിലെ മികച്ച സഹകാരിയായതിനാലാണ് ലീഗ് എം.എൽ.എയെ കേരള ബാങ്ക് ഡയറക്ടറാക്കിയത് -ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫിലെ ഏറ്റവും മികച്ച സഹകാരിയായതിനാലാണ് മുസ്‌ലിം ലീഗ് നേതാവ് പി. അബ്ദുൽ ഹമീദ് എം.എൽ.എ കേരള ബാങ്ക് ഡയറക്ടർ ആക്കിയതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കോൺഗ്രസിന് സ്ഥാനം കിട്ടാത്തതുകൊണ്ടാണ് അവർ വിവാദം ഉണ്ടാക്കുന്നത്.
സഹകരണ രംഗത്ത് ഒരുപാട് അനുഭവമുള്ളയാളാണ്. ഇദ്ദേഹത്തിന് സമാനമായ ഒരാളും കോൺഗ്രസിൽ ഇല്ല. ഇതിനുമാത്രമല്ലല്ലോ, പല കമ്മിറ്റികളിലും യു.ഡി.എഫുകാരുണ്ടല്ലോ. കോൺഗ്രസ് എന്തിനാണ് ഇതിന് വെപ്രാളം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ലീഗ് നേതൃത്വം നിലവിലെ ചില സാഹചര്യങ്ങൾ പരിശോധിക്കണം -ഷിബു ബേബി ജോൺ
വിഷയത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം നിലവിലെ ചില സാഹചര്യങ്ങൾ പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു. കേരള ബാങ്ക് ഭരണ സമിതിയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള മുസ്‌ലിം ലീഗ് തീരുമാനം സാങ്കേതികമായി ശരിയാണ്. എന്നാൽ, സഹകരണ ബാങ്കുകളുടെ നിലവിലെ സാഹചര്യത്തിൽ അതിന്‍റെ പാപഭാരം ഏറ്റെടുക്കണോ എന്ന് ലീഗ് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുറേക്കാലമായി സി.പി.എം ലീഗിനു പിന്നാലെയാണെന്നും അദ്ദേഹം വിമർശിച്ചു.
പി. അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍
കേരള ബാങ്ക് ഭരണസമിതി അംഗമായി ചുമതലയേറ്റ മുസ്‌ലിംലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ പി. അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘പാര്‍ട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച ജൂതാസിനെ പാർട്ടിയിൽനിന്നും പുറത്താക്കുക...’ എന്നാണ് ചിത്രമടക്കമുള്ള പോസ്റ്ററിലുള്ളത്. മുസ്‍ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസിന്റെ മുന്നിലടക്കം പേര് വെക്കാത്ത പോസ്റ്റർ പതിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്‌ലിം ലീഗ് എം.എൽ.എയെ നാമനിർദേശം ചെയ്യാൻ തീരുമാനിച്ചത്. കേരള ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എൽ.എയെ ഡയറക്ടർ ബോർഡ് അംഗമാക്കുന്നത്. മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ലീഗ് പ്രതിനിധിയെ ഡയറക്ടർ ബോർഡിൽ കൊണ്ടു വരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.