എം.ടി വിമർശിച്ചത് കേന്ദ്ര സർക്കാറിനെ -ഇ.പി. ജയരാജൻ
text_fieldsകോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ വേദിയിൽ എം.ടി. വാസുദേവൻ നായർ നടത്തിയ രൂക്ഷ വിമർശനം സംസ്ഥാന സർക്കാറിനെതിരല്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. എം.ടിയുടെ പ്രസംഗം ബി.ജെ.പി സർക്കാറിനെതിരായ കുന്തമുനയാണെന്നും ഇടതുപക്ഷ വിരുദ്ധ അപസ്മാരം കയറിവർ അത് സി.പി.എമ്മിനും പിണറായി വിജയനുമെതിരെ തിരിച്ചുവിടാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം.ടിയുടെ പ്രസംഗം കേട്ടു. എം.ടി കേന്ദ്ര സർക്കാറിനെയാണ് വിമർശിച്ചത്. നരേന്ദ്ര മോദിയെ ആണ് വിമർശിച്ചത്. അങ്ങനെയാവാനാണ് സാധ്യത എന്നാണ് എന്‍റെ നിരീക്ഷണം. അമേരിക്കൻ വിപ്ലവവും ചൈനീസ് വിപ്ലവവുമെല്ലാം ചരിത്രങ്ങളാണ്. അത് മഹദ് വ്യക്തികൾ അവരുടെ സംഭാഷണങ്ങളിൽ ഉദ്ധരിക്കും -ജയരാജൻ പറഞ്ഞു.
എം.ടിയുടെ പ്രസംഗത്തിൽ നല്ലൊരു ഭാഗം ബി.ജെ.പി സർക്കാറിനെതിരായ കുന്തമുനയാണ്. കേരളത്തിനെ ബാധിക്കുന്നതൊന്നും പ്രസംഗത്തിലില്ല. പൊതുവായ കാര്യങ്ങൾ വിശദീകരിക്കുകയാണ് ചെയ്തത്. ഇടതുപക്ഷ വിരുദ്ധ അപസ്മാരം കയറിവർ അതിനെ സി.പി.എമ്മിനും പിണറായി വിജയനുമെതിരായ തിരിച്ചുവിടാൻ ശ്രമം നടത്തുന്നു -അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷ വിമർശനമാണ് എം.ടി. വാസുദേവൻ നായർ നടത്തിയത്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതു കൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ -എന്നിങ്ങനെയായിരുന്നു എം.ടിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.