കോൺഗ്രസ് മുസ്‌ലിം ലീഗിനെ വട്ടംകറക്കിക്കൊണ്ടിരിക്കുന്നു -ഇ.പി ജയരാജൻ
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന മുസ്‌ലിം ലീഗിന്‍റെ ആവശ്യത്തിനു മുന്നിൽ രാജ്യസഭ സീറ്റ് ഉപാധിയായി കോൺഗ്രസ് വെച്ചതിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുസ്‌ലിം ലീഗിനെ കോൺഗ്രസ് വട്ടംകറക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യഥാർത്ഥത്തിൽ മൂന്ന് സീറ്റിനല്ല, ഇന്നത്തെ നിലവെച്ച് നോക്കിയാൽ അതിൽ കൂടുതൽ സീറ്റിന് മുസ്‌ലിം ലീഗിന് അവകാശമുണ്ട്. അതിന്‍റെ സ്വാധീനവുമുണ്ട്. പക്ഷേ കോൺഗ്രസ് അവരെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് -ഇ.പി ജയരാജൻ പറഞ്ഞു.
മുസ്‌ലിം ലീഗിന് അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ അവർക്ക് കഴിയാതെ വന്നിരിക്കുകയാണ്. പാർലമെന്‍റ് മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിച്ചാൽ എവിടെയും കോൺഗ്രസ് ജയിക്കില്ല. ലീഗിന്‍റെ അർഹതക്കനുസരിച്ചുള്ള പരിഗണന അവർക്ക് യു.ഡി.എഫിനകത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
നേരത്തെ, കോൺഗ്രസ് - ലീഗ് ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, എം.കെ. മുനീർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരാണ് പങ്കെടുത്തത്.
ചർച്ചക്കുശേഷം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചന നടത്തിയശേഷം ചൊവ്വാഴ്ച തീരുമാനം അറിയിക്കുമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്. ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് തന്നെ ലീഗിന് നൽകുമെന്ന ഉറപ്പാണ് കോൺഗ്രസ് നൽകിയത്. ചർച്ച പോസിറ്റിവും തൃപ്തികരവുമായിരുന്നുവെന്നാണ് ലീഗ് നേതാക്കളുടെ യോഗശേഷമുണ്ടായ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.