പാനൂരിൽ ബോംബ് കച്ചവടം നടത്തുന്നവരുമുണ്ട് -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: പാനൂരിൽ ബോംബ് നിർമിച്ച് കച്ചവടം ചെയ്യുന്നവരുമുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് പാനൂരിൽ നടന്നതെന്നും ആര് ബോംബ് നിർമിച്ചാലും കുറ്റം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത ശേഷം പാനൂർ സ്ഫോടനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ബോംബ് നിർമാണത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അത് നിയമവിരുദ്ധ പ്രവൃത്തിയാണ്. പാനൂരിൽ ആർ.എസ്.എസും കോൺഗ്രസും ബോംബ് നിർമിക്കാറുണ്ട്. ഇപ്പോൾ പൊട്ടിയ ബോംബ് വിൽപനക്കുവേണ്ടിയുള്ളതാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനക്കേസിൽ നിരപരാധികളും പിടിയിലായെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശവും അദ്ദേഹം തള്ളി. സ്ഫോടനക്കേസിൽ നിരപരാധികളും അറസ്റ്റിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അത് ഞാൻ പറയേണ്ട കാര്യമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനല്ലെന്നു’മാണ് ഇ.പി നൽകിയ മറുപടി. നിരപരാധിയാണോ കുറ്റവാളിയാണോ എന്നത് പൊലീസും കോടതിയും തീരുമാനിക്കട്ടെയെന്നും അദ്ദേഹം വിശദീകരിച്ചു. ഞാൻ നിരപരാധിയെന്ന് പറഞ്ഞാൽ എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.
പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐക്കാരുണ്ടെന്ന് കരുതി സംഘടന മൊത്തത്തിൽ കുറ്റവാളിയാണോ. യൂനിറ്റ് ഭാരവാഹി എന്നു പറഞ്ഞാൽ ലക്ഷക്കണക്കിനുപേരിൽ ഒരാൾ മാത്രമാണ്. പാനൂരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയുടെ ഭാഗമായാണ് ബോംബ് നിർമാണമെന്ന് എല്ലാവർക്കുമറിയാം. പാനൂർ സംഭവത്തിൽ ഏതന്വേഷണം വന്നാലും പാർട്ടിക്ക് പ്രശ്നമില്ല. ഏതായാലും കുറ്റവാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് ആരും പറഞ്ഞില്ലെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.